ആഴ്സണലിന് ഒരിക്കൽ കൂടെ വെംബ്ലിയിൽ കിരീടം. ഇന്ന് നടന്ന സീസൺ ഉദ്ഘാടന മത്സരമായ കമ്മ്യൂണിറ്റി ഷീൽഡ് മത്സരത്തിൽ ലിവർപൂളിനെ വീഴ്ത്തിയാണ് അർട്ടേറ്റ തന്റെ കോച്ചിങ് കരിയറിലെ രണ്ടാം കിരീടം നേടിയത്. പെനാൾട്ടി ഷൂട്ടൗട്ടിൽ ആയിരുന്നു ആഴ്സണലിന്റെ വിജയം.
മികച്ച രീതിയിൽ ഇന്ന് മത്സരം തുടങ്ങിയത് ലിവർപൂൾ ആയിരുന്നു എങ്കിലും ഗോൾ വന്നത് ആഴ്സണലിൽ നിന്നായിരുന്നു. 12ആം മിനുട്ടിൽ തന്നെ അർട്ടേറ്റയുടെ ടീം മുന്നിൽ എത്തി. യുവതാരം സാക കൊടുത്ത മനോഹര പാസ് സ്വീകരിച്ച ഒബാമയങ്ങ് പാസിനേക്കാൽ മനോഹരമായ ഒരു സ്ട്രൈക്കിലൂടെ അലിസണെ കീഴ്പ്പെടുത്തി ലീഡ് എടുത്തു. ആദ്യ പകുതിയിൽ ആ ലീഡ് നിർത്താൻ ആഴ്സണലിനായി.
മാനെയും ഫർമീനോയും സലായും ഒക്കെ ഉണ്ടായിരുന്നു എങ്കിലും നല്ല അവസരങ്ങൾ സൃഷ്ടിക്കാൻ ലിവർപൂൾ കഷ്ടപ്പെട്ടു. സബ്ബായി എത്തിയ മിനമിനോ ആണ് ലിവർപൂളിന്റെ രക്ഷയ്ക്ക് എത്തിയത്. 73ആമത്തെ മിനുട്ടിൽ മിനാമിനോ നേടിയ ഗോളിൽ ലിവർപൂൾ സമനില പിടിച്ചു. മിനമിനോയുടെ ലിവർപൂൾ കരിയറിലെ ആദ്യ ഗോളാണിത്. സമനില ഗോളിന് ശേഷം ആഴ്സണൽ വീണ്ടും ഉണർന്ന് കളിച്ചു. അവസാന നിമിഷങ്ങളിൽ അവസരങ്ങൾ ഏറെ സൃഷ്ടിച്ചു എങ്കിലും വിജയ ഗോൾ നേടാൻ ആഴ്സണലിനായില്ല.
തുടർന്ന് പെനാൾട്ടിയിലേക്ക് മത്സരം കടന്നു. ലിവർപൂളിനായി കിക്ക് എടുത്ത സലാ, ഫബിനോ, മിനാമിനോ, ജോൺസ് എന്നിവർ ലക്ഷ്യം കണ്ടപ്പോൾ യുവതാരം ബ്രൂയിസ്റ്ററിന്റെ കിക്ക് ബാറിൽ തട്ടി മടങ്ങി. ആഴ്സണലിനായി പെനാൾട്ടി കിക്ക് എടുത്ത നെൽസൺ, നൈൽസ്,സെഡെറിക്, ഡേവിഡ് ലൂയിസ്, ഒബാമയങ്ങ് എന്നിവർ ലക്ഷ്യം തെറ്റാതെ ഫിനിഷ് ചെയ്ത് കിരീടം ഉറപ്പിച്ചു. 5-4 എന്ന സ്കോറിനാണ് ലിവർപൂളിനെ ആഴ്സണൽ പെനാൾട്ടിയിൽ വീഴ്ത്തിയത്.