എഫ്.എ കപ്പിൽ നാലാം റൗണ്ടിലേക്ക് മുന്നേറി ആഴ്‌സണൽ. പോർട്ട്സ്മൗതിനെ 4-1 നു ആണ് ആഴ്‌സണൽ തോൽപ്പിച്ചത്. കഴിഞ്ഞ പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്നു 10 മാറ്റങ്ങളും ആയി എത്തിയ ആഴ്‌സണലിനെ ആദ്യം പോർട്ട്സ്മൗത് ഞെട്ടിക്കുന്നത് ആണ് കാണാൻ ആയത്. ധൈര്യത്തോടെ കളിച്ച അവർക്ക് ആയി മൂന്നാം മിനിറ്റിൽ ക്യാപ്റ്റൻ കോൽബി ബിഷപ്പ് ഗോൾ നേടി. എന്നാൽ തുടർന്ന് ആഴ്‌സണൽ തിരിച്ചു വരവ് ആണ് കണ്ടത്. എട്ടാം മിനിറ്റിൽ എസെയുടെ കോർണറിൽ നിന്നു ഡോസൽ നേടിയ സെൽഫ് ഗോളിൽ ആഴ്‌സണൽ സമനില കണ്ടെത്തി. തുടർന്ന് 25 മത്തെ മിനിറ്റിൽ നോനി മദുയെകയുടെ ഉഗ്രൻ കോർണറിൽ നിന്നു ഗബ്രിയേൽ മാർട്ടിനെല്ലി ഹെഡറിലൂടെ തന്റെ ആദ്യ ഗോൾ കണ്ടെത്തിയതോടെ ആഴ്‌സണൽ മുന്നിലെത്തി.

43 മത്തെ മിനിറ്റിൽ താൻ തന്നെ നേടിയ പെനാൽട്ടി മദുയെക പുറത്തേക്ക് അടിച്ചു കളയുന്നതും മത്സരത്തിൽ കാണാൻ ആയി. രണ്ടാം പകുതിയിലും പോർട്ട്സ്മൗത് ഭയപ്പെടാതെ കളിച്ചെങ്കിലും ആഴ്‌സണൽ ഗോളുകൾ കണ്ടെത്തി. 51 മത്തെ മിനിറ്റിൽ പെട്ടെന്ന് എടുത്ത ഫ്രീക്കിക്കിൽ നിന്നു ഗബ്രിയേൽ ജീസുസിന്റെ ഉഗ്രൻ പാസിൽ നിന്നു മാർട്ടിനെല്ലി തന്റെ രണ്ടാം ഗോളും കണ്ടെത്തി. 72 മത്തെ മിനിറ്റിൽ രണ്ടാം ഗോളിന്റെ ആവർത്തനം എന്ന പോലെ മദുയെകയുടെ തന്നെ കോർണറിൽ നിന്നു ഹെഡറിലൂടെ ഗോൾ നേടിയ മാർട്ടിനെല്ലി തന്റെ ഹാട്രിക്കും ആഴ്‌സണൽ ജയവും പൂർത്തിയാക്കുക ആയിരുന്നു. ക്ലബിന് ആയുള്ള താരത്തിന്റെ ആദ്യ ഹാട്രിക്ക് ആയിരുന്നു ഇത്. ദീർഘകാലത്തെ പരിക്കിൽ നിന്നും കായ് ഹാവർട്സ് ആഴ്‌സണലിന് ആയി പകരക്കാരനായി തിരിച്ചെത്തിയ മത്സരം കൂടിയായിരുന്നു ഇത്. 16 കാരനായ പ്രതിരോധ താരം മാർലി സാൽമൺ ഗബ്രിയേലിന് പകരക്കാരനായി ഇറങ്ങി എഫ്.എ കപ്പിൽ ആഴ്‌സണലിന് ആയി അരങ്ങേറ്റവും നടത്തി.









