ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്തേക്ക് കയറി ആഴ്‌സണൽ. ലണ്ടൻ ഡാർബിയിൽ ബ്രന്റ്ഫോർഡിനെ അവരുടെ മൈതാനത്ത് എതിരില്ലാത്ത ഒരു ഗോളിന് മറികടന്ന ആഴ്‌സണൽ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ഒരു പോയിന്റ് മുന്നിൽ ഒന്നാം സ്ഥാനത്തേക്ക് കയറി. പകരക്കാരനായി ഇറങ്ങിയ കായ് ഹാവർട്സ് 89 മത്തെ മിനിറ്റിൽ നേടിയ ഗോളിൽ ആണ് ആഴ്‌സണൽ ജയം കണ്ടത്. മത്സരത്തിൽ ആധിപത്യം ആഴ്‌സണലിന് ആണെങ്കിലും മതിയായ അവസരങ്ങൾ ഉണ്ടാക്കാൻ ബ്രന്റ്ഫോർഡ് ആഴ്‌സണലിനെ അനുവദിച്ചില്ല. ഇടക്ക് ഗോളിൽ റാംസ്ഡേൽ വമ്പൻ പിഴവ് വരുത്തിയപ്പോൾ ഡക്ലൻ റൈസിന്റെ ഗോൾ ലൈൻ രക്ഷപ്പെടുത്തൽ ആണ് ആർട്ടെറ്റയുടെ ടീമിന്റെ രക്ഷക്ക് എത്തിയത്. 43 മത്തെ മിനിറ്റിൽ ആഴ്‌സണൽ ഗോൾ നേടി എന്നു കരുതിയത് ആണ്.
സാകയുടെ ക്രോസിൽ നിന്നു ജീസുസിന്റെ ഹെഡർ ബ്രന്റ്ഫോർഡ് ഗോൾ കീപ്പർ തട്ടി മാറ്റിയെങ്കിലും ട്രൊസാർഡ് ഹെഡറിലൂടെ പന്ത് വലയിൽ എത്തിച്ചു. എന്നാൽ ഇത് വാർ ഓഫ് സൈഡ് ആണെന്ന് കണ്ടത്തുക ആയിരുന്നു. രണ്ടാം പകുതിയിൽ ആഴ്‌സണൽ ആക്രമണം കടുപ്പിച്ചു എങ്കിലും ഇടക്ക് ബ്രന്റ്ഫോർഡ് ആഴ്‌സണലിനെ പരീക്ഷിച്ചു. മൗപെയുടെ ഹെഡർ ഗോൾ ലൈനിൽ നിന്നാണ് സിഞ്ചെങ്കോ തട്ടി മാറ്റിയത്. തുടർന്ന് 89 മത്തെ മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ കായ് ഹാവർട്സ് ബുകയോ സാകയുടെ അതുഗ്രൻ ക്രോസിൽ നിന്നു ഹെഡറിലൂടെ ആഴ്‌സണലിന് നിർണായക ജയം സമ്മാനിക്കുക ആയിരുന്നു. ലീഗിൽ ഒന്നാമത് എത്തിയതിനു പിന്നാലെ ലണ്ടൻ ഡാർബികളിലെ തങ്ങളുടെ അപരാജിത കുതിപ്പും ആഴ്‌സണൽ തുടർന്നു. ആഴ്‌സണൽ പരിശീലകൻ ആയി തന്റെ 200 മത്സരം ആയിരുന്നു മിഖേൽ ആർട്ടെറ്റക്ക് ഇത്.