ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒരിക്കൽ കൂടെ ആഴ്സണലിന് അടിതെറ്റി. ക്രിസ്റ്റൽ പാലസിനോട് ഏറ്റ് പരാജയത്തിന്റെ വേദന മറക്കാൻ ഇറങ്ങിയ ആഴ്സണൽ ഇന്ന് ബ്രൈറ്റന്റെ മുന്നിൽ ആണ് പരാജയപ്പെട്ടത്. അവസാന കുറേ കാലമായി ഒട്ടും ഫോമിൽ ഇല്ലാതെ കഷ്ടപ്പെടുക ആയിരുന്ന ഗ്രഹാം പോട്ടറിന്റെ ടീം ആഴ്സണലിന്റെ ഹോം ഗ്രൗണ്ടിൽ എത്തിയാണ് വിജയവുമായി മടങ്ങിയത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ആയിരുന്നു ആഴ്സണലിന്റെ തോൽവി.
മത്സരത്തിൽ മികച്ച തുടക്കമായിരുന്നില്ല ആഴ്സണലിന് ലഭിച്ചത്. അവർ അവസരങ്ങൾ സൃഷ്ടിക്കാൻ പ്രയാസപ്പെട്ടപ്പോൾ 27ആം മിനുട്ടിൽ ട്രൊസാർഡിലൂടെ ബ്രൈറ്റൺ ലീഡ് എടുത്തു. എംവുപു നൽകിയ പാസിൽ നിന്നായിരുന്നു ഗോൾ. ഈ ഗോളിന് ആദ്യ പകുതിയുടെ അവസാനം ആഴ്സണൽ മറുപടി നൽകി എങ്കിലും വി എ ആർ ആ ഗോൾ നിഷേധിച്ചു.
രണ്ടാം പകുതിയിൽ എംവെപുവിന്റെ ഒരു ഗംഭീര സ്ട്രൈക്ക് ബ്രൈറ്റന്റെ ലീഡ് ഇരട്ടിയാക്കി. ഇതിനു ശേഷമാണ് ആഴ്സണൽ പൂർണ്ണമായും അറ്റാക്കിലേക്ക് നീങ്ങിയത്. 88ആം മിനുട്ടിൽ ആഴ്സണലിന്റെ രണ്ട് ഗോൾ ശ്രമങ്ങൾ പോസ്റ്റിൽ തട്ടി മടങ്ങി. ഇതിനു പിന്നാലെ 89ആം മിനുട്ടിൽ ഒഡെഗാർഡിന്റെ ഒരു ലോങ് റേഞ്ചർ ആഴ്സണലിന് ഒരു ഗോൾ നൽകി. പിന്നീട് അവസാന നിമിഷം വരെ ആഴ്സണൽ സമ്മർദ്ദം ചെലുത്തി. 95ആം മിനുട്ടിൽ എങ്കീറ്റിയയുടെ ഒരു ഹെഡർ സാഞ്ചെസ് ആക്രൊബാറ്റിക് എഫേർടിലൂടെ സേവ് ചെയ്തത് ബ്രൈറ്റണ് രക്ഷയായി.
30 മത്സരങ്ങളിൽ നിന്ന് 54 പോയിന്റുമായി ആഴ്സണൽ അഞ്ചാം സ്ഥാനത്ത് തന്നെ നിൽക്കുകയാണ്. ബ്രൈറ്റൺ 37 പോയിന്റുമായി 11ആം സ്ഥാനത്താണ്.