ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്സണലിനു മുകളിൽ ആരും വേണ്ട എന്ന പ്രഖ്യാപനവുമായി അർട്ടേറ്റയുടെ ടീം. ഇന്ന് ലണ്ടണിൽ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ലിവർപൂളിനെ ഒരൂ ത്രില്ലറിന് ഒടുവിലാണ് ആഴ്സണൽ പരാജയപ്പെടുത്തിയത്. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ആയിരുന്നു ആഴ്സണലിന്റെ വിജയം.
ഇന്ന് മത്സരം ആരംഭിച്ച് ആദ്യ മിനുട്ടിൽ തന്നെ ആഴ്സണൽ ലീഡ് എടുത്തു. ഗബ്രിയേൽ മാർട്ടിനെല്ലിയിലൂടെ ആയിരുന്നു തുടക്കം. ഒഡെഗാർഡ് നൽകിയ പാസ് ബ്രസീലിയൻ താറ്റൻ ലക്ഷ്യത്തിൽ എത്തിച്ചു. സ്കോർ 1-0. ഈ ഗോളിന് 34ആം മിനുട്ടിൽ ഡാർവിൻ നൂനസിലൂടെ ലിവർപൂൾ മറുപടി പറഞ്ഞു. വലതു വിങ്ങിലൂടെ വന്ന ലൂയിസ് നൽകിയ പാസ് നൂനിയസ് ഡൈവിംഗ് ഫിനിഷിലൂടെ ലക്ഷ്യത്തിലേക്ക് തിരിച്ചുവിട്ടു.
ആദ്യ പകുതി അവസാനിക്കും മുമ്പ് സാകയിലൂടെ ആഴ്സണൽ വീണ്ടും മുന്നിൽ എത്തി. ഇത്തവണ അസിസ്റ്റ് ഒരുക്കിയത് മാർട്ടിനെല്ലി ആയിരുന്നു.
രണ്ടാം പകുതിയിൽ തുടക്കത്തിൽ തന്നെ ഫർമീനോയിലൂടെ ലിവർപൂൾ സമനില നേടി.ജോടയിലൂടെ ത്രൂ പാസ് സ്വീകരിച്ച് ഇടം കാലൻ ഫിനിഷിലൂടെ ആയിരുന്നു ഫർമിനോ ഗോൾ. സ്കോർ 2-2.
അവസാനം 75ആം മിനുട്ടിലെ ഒരു പെനാൾട്ടി ആഴ്സണലിന് ജയം നൽകി. തിയാഗോ ചെയ്ത ഒരു ഫൗളിന് ലഭിച്ച പെനാൾട്ടി സാകയാണ് ലക്ഷ്യത്തിൽ എത്തിച്ചത്. സ്കോർ 3-2.
ഈ വിജയത്തോടെ 9 മത്സരങ്ങളിൽ നിന്ന് 24 പോയിന്റുമായി ആഴ്സണൽ ഒന്നാമത് തിരികെയെത്തി. 9 മത്സരങ്ങളിൽ 8ഉം ആഴ്സണൽ വിജയിച്ചു. ലിവർപൂൾ 10 പോയിന്റുമായി 11ആം സ്ഥാനത്താണ്. ആകെ രണ്ട് ലീഗ് മത്സരങ്ങൾ ആണ് ഇതുവരെ ലിവർപൂൾ വിജയിച്ചത്.