ജയത്തോടെ ലീഗിൽ രണ്ടാം സ്ഥാനത്തേക്ക് മുന്നേറി ആഴ്‌സണൽ

Wasim Akram

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സ്വന്തം മൈതാനത്ത് ഇപസ്വിച്ച് ടൗണിനെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്നു ലീഗിൽ രണ്ടാം സ്ഥാനത്തേക്ക് മുന്നേറി ആഴ്‌സണൽ. പരിക്കേറ്റ ബുകയോ സാക ഇല്ലാതെ ഇറങ്ങിയ ആഴ്‌സണലിന് എതിരെ നന്നായി പ്രതിരോധിച്ച ഇപസ്വിച്ച് ആഴ്‌സണലിന് വലിയ അവസരങ്ങൾ ഒന്നും നൽകിയില്ല. എന്നാൽ 23 മത്തെ മിനിറ്റിൽ ലഭിച്ച അവസരത്തിൽ നിന്നു ട്രോസാർഡ് നൽകിയ മികച്ച ക്രോസിൽ നിന്നു ഗോൾ കണ്ടത്തിയ കായ് ഹാവർട്‌സ് ആണ് ആഴ്‌സണലിന് ജയം സമ്മാനിച്ചത്.

ആഴ്‌സണൽ

സീസണിൽ പ്രീമിയർ ലീഗിൽ ഹാവർട്‌സ് നേടുന്ന ഏഴാം ഗോൾ ആയിരുന്നു ഇത്. ഇപസ്വിച്ചിന് ഒരവസരവും നൽകാൻ ആഴ്‌സണൽ തയ്യാറായില്ല. രണ്ടാം പകുതിയിൽ കോർണറിൽ നിന്നു ഗബ്രിയേലിന്റെ ഹെഡർ സെന്റീമീറ്റർ വ്യത്യാസത്തിൽ ആണ് പുറത്ത് പോയത്. മറ്റൊരു കോർണറിൽ നിന്നു റൈസിന്റെ മികച്ച വോളി ഇപസ്വിച്ച് പ്രതിരോധം തടഞ്ഞു. മെറീനോയുടെ മികച്ച ഷോട്ട് ഗോൾ കീപ്പറും തടഞ്ഞു. അവസാനം ഒറ്റ ഗോളിന് ആഴ്‌സണൽ ജയം സ്വന്തമാക്കുക ആയിരുന്നു. ഇന്ന് നടന്ന മറ്റൊരു മത്സരത്തിൽ ബ്രൈറ്റണും ബ്രന്റ്ഫോർഡും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു.