ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പുതു വർഷത്തിൽ വിജയത്തോടെ തുടങ്ങി ആഴ്‌സണൽ. ബ്രന്റ്ഫോർഡിനെ അവരുടെ മൈതാനത്ത് 3-1 എന്ന സ്കോറിന് ആണ് ആഴ്‌സണൽ മറികടന്നത്. ജയത്തോടെ ലീഗിൽ രണ്ടാം സ്ഥാനത്തേക്കും ആർട്ടെറ്റയുടെ ടീം മുന്നേറി. ആഴ്‌സണൽ നന്നായി തുടങ്ങിയ മത്സരത്തിൽ പക്ഷെ ബ്രന്റ്ഫോർഡ് ആണ് ആദ്യം മുന്നിൽ എത്തിയത്. ദാംസ്ഗാർഡിന്റെ പാസിൽ നിന്നു ഉഗ്രൻ ഫോമിലുള്ള ബ്രയാൻ എംബുമോ ആണ് റയയെ മറികടന്നു അവർക്ക് മുൻതൂക്കം നൽകിയത്. തുടർന്ന് ഡേവിഡ് റയ മില്ലിമീറ്റർ വ്യതാസത്തിൽ നടത്തിയ മികച്ച ഒരു രക്ഷപ്പെടുത്തൽ മത്സരത്തിൽ പ്രധാനമായി.
ഗോൾ വഴങ്ങിയതോടെ ആക്രമിച്ചു കളിച്ച ആഴ്‌സണൽ 29 മത്തെ മിനിറ്റിൽ സമനില കണ്ടെത്തി. തോമസ് പാർട്ടെയുടെ ഉഗ്രൻ ഷോട്ട് ഫ്ലെക്കൻ തടഞ്ഞെങ്കിലും റീബോണ്ടിൽ ഹെഡറിലൂടെ ഗബ്രിയേൽ ജീസുസ് ആഴ്‌സണലിന് സമനില നൽകി. രണ്ടാം പകുതിയിൽ 3 മിനിറ്റിൽ നേടിയ ഗോളുകളിലും ആഴ്‌സണൽ ജയം നേടുക ആയിരുന്നു. കോർണറിൽ നിന്നു ലഭിച്ച അവസരത്തിൽ നിന്നു മിഖേൽ മെറീനോ രണ്ടാം ഗോൾ 50 മത്തെ മിനിറ്റിൽ നേടി. തുടർന്ന് 53 മത്തെ മിനിറ്റിൽ ഏഥൻ ന്വനേരിയുടെ ക്രോസിൽ നിന്നു ലഭിച്ച അവസരത്തിൽ നിന്നു ഉഗ്രൻ വോളിയിൽ നിന്നു ഗോൾ കണ്ടെത്തിയ ഗബ്രിയേൽ മാർട്ടിനെല്ലി ആഴ്‌സണൽ ജയം ഉറപ്പിച്ചു. തുടർന്ന് മത്സരം നിയന്ത്രിച്ച ആഴ്‌സണൽ തങ്ങളുടെ മുൻതൂക്കം നിലനിർത്തുക ആയിരുന്നു.