പ്രീ സീസണിൽ സൗഹൃദ മത്സരമായ എമിറേറ്റ്‌സ് കപ്പിൽ ലാ ലീഗ ക്ലബ് സെവിയ്യയെ എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ ഗോൾ മഴയിൽ മുക്കി ആഴ്‌സണൽ. എതിരില്ലാത്ത 6 ഗോളുകൾക്ക് ആണ് ആഴ്‌സണൽ സ്പാനിഷ് ടീമിനെ തകർത്തത്. മത്സരത്തിന്റെ ഒമ്പതാം മിനിറ്റിൽ ആഴ്‌സണലിന്റെ മുൻ സ്പാനിഷ് താരം ജോസെ അന്റോണിയോ റെയിസിന്റെ ഓർമ്മകൾക്ക് മുന്നിൽ ആരാധകർ അഭിവാദ്യങ്ങൾ അർപ്പിക്കുന്നതും കാണാൻ ആയി. മത്സരത്തിൽ ആദ്യ 20 മിനിറ്റിനുള്ളിൽ തന്നെ ആഴ്‌സണൽ 4-0 നു മുന്നിൽ എത്തിയിരുന്നു. മികച്ച ടീമും ആയാണ് ഇരു ടീമുകളും മത്സരത്തിന് എത്തിയത്.
മത്സരത്തിൽ പത്താം മിനിറ്റിൽ തന്നെ കരിം റെകിക് വീഴ്ത്തിയതിനു ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട ബുകയോ സാകയാണ് ആഴ്‌സണലിന്റെ ആദ്യ ഗോൾ നേടിയത്. മൂന്നു മിനിറ്റിനുള്ളിൽ ഗബ്രിയേൽ ജീസുസ് തന്റെ ആദ്യ ഗോൾ നേടി. ബെൻ വൈറ്റിൽ നിന്നു സ്വീകരിച്ച പന്ത് സിഞ്ചെങ്കോയും ആയുള്ള കൊടുക്കൽ വാങ്ങലുകൾക്ക് ശേഷം ജീസുസ് ഗോൾ കണ്ടത്തി. 2 മിനിറ്റിനു ശേഷം അടുത്ത ഗോളും പിറന്നു ഗബ്രിയേൽ മാർട്ടിനെല്ലിയുടെ ക്രോസിൽ നിന്നു സെവിയ്യയുടെ ഓഫ് സൈഡ് ട്രാപ് ഭേദിച്ച ജീസുസ് മികച്ച ഷോട്ടിലൂടെ ആഴ്‌സണലിന് മൂന്നാം ഗോളും നേടി നൽകി. 19 മത്തെ മിനിറ്റിൽ സെവിയ്യ ഗോൾ കീപ്പറുടെ വലിയ അബദ്ധം മുതലെടുത്ത ബുകയോ സാകയാണ് ആഴ്‌സണലിന്റെ നാലാം ഗോൾ നേടിയത്.
മത്സരത്തിൽ നിരന്തരം ആക്രമിച്ചു കളിച്ച ആഴ്‌സണൽ 21 തവണയാണ് ഷോട്ടുകൾ ഉതിർത്തത് അതിൽ 12 എണ്ണവും ലക്ഷ്യത്തിലേക്ക് ആയിരുന്നു. രണ്ടാം പകുതിയിൽ 77 മത്തെ മിനിറ്റിൽ കോർണറിൽ നിന്നു ലഭിച്ച അവസരത്തിൽ ഗോൾ കണ്ടത്തിയ ജീസുസ് തന്റെ ഹാട്രിക് പൂർത്തിയാക്കി. പ്രീ സീസണിൽ ആഴ്‌സണലിനു ആയി താരം തന്റെ മിന്നും ഫോം വീണ്ടും തുടർന്നു. 88 മത്തെ മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ എഡി എങ്കിതിയ ആണ് ആഴ്‌സണൽ ജയം പൂർത്തിയാക്കുയത്. മാർട്ടിനെല്ലിയുടെ പാസിൽ നിന്നു ആയിരുന്നു ഇംഗ്ലീഷ് താരത്തിന്റെ ഗോൾ. പ്രതിരോധത്തിൽ എമിറേറ്റ്‌സിൽ അരങ്ങേറ്റം കുറിച്ച വില്യം സാലിബ അടക്കം മികച്ച പ്രകടനം ആണ് ആഴ്‌സണലിന് ആയി പുറത്ത് എടുത്തത്. പ്രീ സീസണിൽ എല്ലാ കളിയും ജയിച്ച ആഴ്‌സണൽ മികച്ച ആത്മവിശ്വാസത്തോടെ ആവും പുതിയ സീസണിന് ഇറങ്ങുക.