ഗണ്ണേഴ്സിന്റെ വെടിയും നെഞ്ചത്ത് ഏറ്റു വാങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒരു പരാജയം കൂടെ. ഇന്ന് ലണ്ടണിൽ ചെന്ന് ആഴ്സണലിനോടാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയം ഏറ്റുവാങ്ങിയത്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു പരാജയം. കഴിഞ്ഞ ആഴ്ചത്തെക്കാൾ നല്ല പ്രകടനം കാഴ്ചവെച്ചു എങ്കിലും പെനാൾട്ടി പാഴാക്കിയതും അവസരങ്ങൾ തുലച്ചതും ഇന്ന് യുണൈറ്റഡിന് തിരിച്ചടിയായി. ഇന്നത്തെ വിജയം ആഴ്സണലിനെ നാലാം സ്ഥാനത്ത് എത്തിച്ചു.

ഇന്ന് എമിറേറ്റ്സ് സ്റ്റേഡിയത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് അത്ര നല്ല തുടക്കം ആയിരുന്നില്ല. ലിവർപൂളിൽ എന്ന പോലെ ഇന്നും യുണൈറ്റഡ് പെട്ടെന്ന് ഗോൾ വഴങ്ങി. 3ആം മിനുട്ടിൽ ആയിരുന്നു ആദ്യ ഗോൾ. യുണൈറ്റഡ് ഡിഫൻസിൽ വരാനെയും ടെല്ലസും ഒരു ക്രോസ് ക്ലിയർ ചെയ്യുന്നതിന് പരാജയപ്പെട്ടപ്പോൾ നുനോ ടെവാരസ് ഡി ഹിയ കീഴ്പ്പെടുത്തി കൊണ്ട് ഗോൾ നേടി.
20220423 184115

ഇതിനു ശേഷം ഉണർന്ന് കളിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും രണ്ടാം ഗോൾ വന്നത് ആഴ്സണിൽ നിന്നായിരുന്നു. 28ആം മിനുട്ടിൽ എങ്കിറ്റിയ നേടിയ ഗോൾ ഓഫ്സൈഡ് എന്ന് വാർ വിളിച്ചു എങ്കിലും ആ ഗോളിന് തൊട്ടുമുമ്പ് ഫൗൾ നടന്നതിനാൽ ഗോൾ നിഷേധിച്ച ശേഷം വി എ ആർ ആഴ്സണലിന് പെനാൾട്ടി നൽകി. ആ പെനാൾട്ടി സാക ലക്ഷ്യത്തിൽ എത്തിച്ചു ആഴ്സണൽ ലീഡ് ഇരട്ടിയാക്കി.

ഈ ഗോളിന് രണ്ട് മിനുട്ടുകൾക്ക് അപ്പുറം ക്രിസ്റ്റ്യാനോ റൊണാൾഡോ യുണൈറ്റഡിന് പ്രതീക്ഷ നൽകി കൊണ്ട് ഒരു ഗോൾ നേടി. റൊണാൾഡോയുടെ പ്രീമിയർ ലീഗിലെ നൂറാം ഗോൾ.

രണ്ടാം പകുതിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നിരന്തരം അറ്റാക്ക് നടത്തി. 57ആം മിനുട്ടിൽ ഒരു ഹാൻഡ്ബോളിന് മാഞ്ചസ്റ്റർ യുണൈറ്റഡിന് അനുകൂലമായി പെനാൾട്ടി ലഭിച്ചു. ക്രിസ്റ്റ്യാനോക്ക് പകരം ബ്രൂണോ ആണ് പെനാൾട്ടി എടുത്തത്. ബ്രൂണോയുടെ പെനാൾട്ടി ഗോൾ പോസ്റ്റിന് തട്ടി പുറത്തേക്ക് പോയി.

4 മിനുട്ടുകൾക്ക് അപ്പുറം റൊണാൾഡോ നേടിയ ഗോൾ ഇഞ്ചുകളുടെ വ്യത്യാസത്തിന് ഓഫ്സൈഡും ആയി. ഡാലോട്ടിന്റെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടുന്നതും ഇതിനു ശേഷം കണ്ടൂ. അവസരങ്ങൾ മുതലാക്കാത്തതിന് താമസിയാതെ മാഞ്ചസ്റ്റർ യുണൈറ്റഡ് വലിയ വില കൊടുക്കേണ്ടി വന്നു. 71ആം മിനുട്ടിൽ പിറന്ന ജാക്കയുടെ ലോങ് റേഞ്ചർ ആഴ്സണലിന്റെ മൂന്നാം ഗോളായി മാറി.

ഈ വിജയത്തോടെ ആഴ്സണൽ 60 പോയിന്റുമായി ലീഗിൽ നാലാം സ്ഥാനത്ത് എത്തി. 54 പോയിന്റുമായി ആറാമത് നിൽക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇനി ടോപ് 4 പ്രതീക്ഷയും ഇല്ല.