ഫോർമുല വൺ വേദിയിൽ തന്റെ രാഷ്ട്രീയം ഉറക്കെ വിളിച്ചു പറഞ്ഞു ലൂയിസ് ഹാമിൾട്ടൻ. ഏതാണ്ട് ആറു മാസം മുമ്പ് അമേരിക്കൻ പോലീസിനാൽ സ്വന്തം വീട്ടിൽ കൊല്ലപ്പെട്ട കറുത്ത വർഗ്ഗക്കാരി ആയ ബ്രെയോണ ടൈലറിനു നീതിക്കായി ആണ് ഹാമിൾട്ടൻ തന്റെ റേസ് ട്രാക്ക് ഉപയോഗിച്ചത്. വംശീയതക്ക് എതിരെ വലിയ പ്രതിഷേധങ്ങളും സമരങ്ങളും ‘ബ്ലാക്ക് ലൈവ്‌സ് മാറ്റർ’ സമരങ്ങളും കണ്ട സമീപകാലത്ത് കായിക ലോകവും ഇതിനൊപ്പം ചേർന്ന് നിന്നിരുന്നു. ഇത്തരം പ്രതിഷേധങ്ങളിൽ മുന്നിൽ എന്നും ആറു തവണ ലോക ജേതാവ് ആയ ലൂയിസ് ഹാമിൾട്ടനും ഉണ്ടായിരുന്നു. ഇത്തവണ ടുസ്കാൻ ഗ്രാന്റ് പ്രീ തുടങ്ങുന്നതിനു മുമ്പ് ‘ബ്രെയോണ ടൈലറിനെ കൊന്ന പൊലീസുകാരെ അറസ്റ്റ് ചെയ്യുക’ എന്നു മുന്നിൽ എഴുതിയ ടീഷർട്ട് അണിഞ്ഞാണ് ഹാമിൾട്ടൻ എത്തിയത്. ടീഷർട്ടിന്റെ പിന്നിൽ ആവട്ടെ ബ്രെയോണ ടൈലറിന്റെ ചിത്രവും പതിച്ചിരുന്നു. റേസിൽ ജയം കണ്ട ശേഷവും ഈ ടീഷർട്ട് അണിഞ്ഞു തന്നെയാണ് ഹാമിൾട്ടൻ ട്രോഫി മേടിക്കാനും എത്തിയത്.
It’s been 6 months since Breonna Taylor was murdered by policemen, in her own home. Still no justice has been served. We won’t stay silent. #JusticeForBreonnaTaylor pic.twitter.com/7zinVHiYcH
— Lewis Hamilton (@LewisHamilton) September 13, 2020
ഈ ധൈര്യം തന്നെയാവും ഹാമിൾട്ടനെ എല്ലാവരിൽ നിന്നും വ്യത്യസ്തനയിക്കുന്നത്. ചിലപ്പോൾ ഫോർമുല വൺ ചരിത്രത്തിൽ ലൂയിസ് ഹാമിൾട്ടൻ ഏറ്റവും മഹാനായ ഡ്രൈവർ ആയിരിക്കില്ല, ശുമാർക്കറും, ഫ്രോസ്റ്റും, സെന്നയും, നിക്കി ലൗഡയും സമീപകാലത്തെ ഇതിഹാസങ്ങൾ ആയ വെറ്റലും അലോൺസോയും ഒക്കെ ബ്രിട്ടീഷ് ഡ്രൈവറെക്കാൾ മികച്ചവർ ആയേക്കാം. പക്ഷെ അവരാരെ പോലെയും അല്ല ഹാമിൾട്ടൻ, ഒരുപാട് തവണ ആവർത്തിച്ചു പറഞ്ഞപോലെ അയ്യാൾ ചിലപ്പോൾ ചരിത്രത്തിലെ ഏറ്റവും മഹാനായ ഡ്രൈവർ ആയിരിക്കില്ല, അതെ ഒപ്പം അയ്യാളുടെ ജയങ്ങൾക്ക് മെഴ്‌സിഡസിന്റെ ഏറ്റവും മികച്ച, മറ്റ് കാറുകളെ നാണിപ്പിക്കുന്ന കാറും കൂട്ടുണ്ട്, എന്നാൽ അയ്യാളെ പോലൊരു ഡ്രൈവർ ചരിത്രത്തിൽ വേറെയില്ല, ഇനി ചിലപ്പോൾ മതിരാൾ ഇങ്ങനെ ഉയർന്നു വന്നാലും അയ്യാളുടെ പ്രചോദനം ഹാമിൾട്ടൻ തന്നെയാവും. അയ്യാൾ ഉയർന്നു വന്നു കാണിച്ച പോലൊരു ഹീറോയിസവും ഫോർമുല വണ്ണിൽ വേറെ കണ്ടിട്ടില്ല. ഒരു അഭിമുഖത്തിൽ തനിക്ക് ഒരു കുട്ടി എന്ന നിലക്ക് എത്ര അപ്രാപ്യമായ സ്വപ്നം ആയിരുന്നു ഫോർമുല വൺ ഡ്രൈവർ ആവുക എന്നത് എന്നു അയ്യാൾ പറയുന്നത് കേട്ടിട്ടുണ്ട്.
— Lewis Hamilton (@LewisHamilton) August 21, 2020
തന്റെ മുഖത്തോട് സാമ്യമുള്ള ഒരു മുഖവും ഫോർമുല വൺ ഡ്രൈവിങ് സീറ്റിൽ താൻ കണ്ടിട്ടില്ല എന്നു ആ അഭിമുഖത്തിൽ പറഞ്ഞ ഹാമിൾട്ടൻ തന്റെ അച്ഛൻ 4,5 ജോലികൾ ചെയ്തു തന്റെ സ്വപ്നത്തിനു കൂടെ നിന്ന കഥയും പറയുന്നുണ്ട്. അന്നത്തെക്കാൾ ഭീകരമായി പാവപ്പെട്ടവന്, സാധാരണക്കാരന് സ്പോർട്സ് വെറും സ്വപ്നം മാത്രം ആവുന്ന ദുരവസ്ഥയും ഹാമിൾട്ടൻ അവിടെ പറയുന്നുണ്ട്. തന്റെ ലക്ഷ്യങ്ങൾ ഒന്ന് കായികരംഗത്ത് കഴിവുള്ളവർക്ക് സാമ്പത്തിക നില അവരുടെ സ്വപ്നങ്ങൾക്ക് വിലങ്ങു തടിയാവരുത് എന്നതാണ് എന്നു ആവർത്തിക്കുന്ന ഹാമിൾട്ടൻ അതിനായി ആണ് റേസ് ട്രാക്കിന് പുറത്ത് കൂടുതൽ സമയം നൽകുന്നത് എന്നും അറിയുക. തന്റെ രാഷ്ട്രീയം പറയാൻ അത് ആരെ ചൊടിപ്പിച്ചാലും ഒരു കൂസലും ഇല്ല എന്നിടത്ത് കൂടിയാണ് ഹാമിൾട്ടൻ ഏറ്റവും പ്രിയപ്പെട്ടവൻ ആവുന്നത്. ബ്രെയോണ ടൈലറിനെ പോലെ വംശീയതക്ക് വിധേയരാവുന്ന ആർക്ക് വേണ്ടിയും സംസാരിക്കാൻ, അവർക്ക് നീതി ഉറപ്പിക്കാൻ അയ്യാൾ എന്നും മുന്നിൽ കാണും. അതിന്റെ പേരിൽ ആരാധകരെ നഷ്ടം ആയാലോ, സ്പോൺസർഷിപ്പ് നഷ്ടമായാലോ ഒന്നും അയ്യാൾക്ക് വിഷയമല്ല. അയ്യാൾ അയ്യാളുടെ രാഷ്ട്രീയം ലോകം ജയിച്ച് കൊണ്ട് തന്നെ ഉറക്കെ വിളിച്ച് പറയും. അതിനാൽ തന്നെ ഫോർമുല വൺ ചരിത്രം കണ്ട ഏറ്റവും മികച്ച എന്നല്ല ഫോർമുല വണ്ണിൽ ഇന്നെ വരെ ഡ്രൈവ് ചെയ്ത എക്കാലത്തെയും പ്രധാനപ്പെട്ട ഡ്രൈവർ ഹാമിൾട്ടൻ മാത്രം ആണ്. കാരണം ഹാമിൾട്ടൻ തുറന്നത് വലിയ ഒരു ലോകം ആണ്, സ്വപ്നം കാണാൻ പോലും പേടിയുള്ള ലക്ഷക്കണക്കിന് ആളുകൾക്ക് സ്വപ്നം കാണാൻ ധൈര്യം നൽകിയ ലോകം. എല്ലാർക്കും പ്രചോദനം ആയി ഏഴാം ലോക ചാമ്പ്യൻഷിപ്പിന് അടുക്കുന്ന ഹാമിൾട്ടനു അത് സാധിക്കട്ടെ എന്നാശംസിക്കുന്നു.