2020 ലെ ടോക്കിയോ ഒളിമ്പിക്‌സ് ഫുട്‌ബോളിൽ യോഗ്യത നേടി അർജന്റീന. അർജന്റീനയുടെ അണ്ടർ 23 ടീം കൊളംബിയ അണ്ടർ 23 ടീമിനെ 2-1 നു തോൽപ്പിച്ചത്തോടെയാണ് അർജന്റീന ഒളിമ്പിക്‌സ് യോഗ്യത ഉറപ്പിച്ചത്. ലാറ്റിനമേരിക്കയിൽ നിന്നുള്ള 2 ടീമുകളിൽ ഒന്നാമത് ആയി ആണ് അർജന്റീന യോഗ്യത ഉറപ്പിച്ചത്. കളിച്ച രണ്ട് കളികളിൽ ഉറുഗ്വായ്, കൊളംബിയ ടീമുകളെ തോൽപ്പിച്ച അർജന്റീനക്ക് നിലവിൽ 6 പോയിന്റുകൾ ഉണ്ട്. അതേസമയം അവസാനമത്സരത്തിൽ അർജന്റീനയെ തോല്പിച്ചാൽ ഒളിമ്പിക്‌സ് യോഗ്യത ലഭിക്കുന്ന അവസ്ഥയിൽ ആണ് 2016 ലെ റിയോ ഒളിമ്പിക്‌സ് സ്വർണമെഡൽ ജേതാക്കൾ ആയ ബ്രസീലിന്റെ അവസ്ഥ. ഒളിമ്പിക് യോഗ്യത മത്സരത്തിൽ ഉറുഗ്വായോടും സമനില വഴങ്ങിയ അവർക്ക് നിലവിൽ 2 പോയിന്റുകൾ മാത്രം ആണ് ഉള്ളത്.
ഇതോടെ ഉറുഗ്വായ്, കൊളംബിയ മത്സരം സമനിലയിൽ ആവുന്നില്ല എങ്കിൽ അർജന്റീനയോട് നിർബന്ധമായും ജയിക്കേണ്ട അവസ്ഥയാണ് ബ്രസീലിന് വന്നു ചേർന്നത്. 16 ടീമുകൾ ആണ് ഒളിമ്പിക്‌സിൽ മാറ്റുരക്കുക. ആതിഥേയരായ ജപ്പാന് പുറമെ ഏഷ്യയിൽ നിന്ന് സൗദി അറേബ്യ, ദക്ഷിണ കൊറിയ ടീമുകൾ ഒളിമ്പിക്‌സ് യോഗ്യത നേടിയപ്പോൾ സ്‌പെയിൻ, ഫ്രാൻസ്, റൊമാനിയ, ജർമ്മനി ടീമുകൾ യൂറോപ്പിൽ നിന്ന് ഒളിമ്പിക്‌സ് കളിക്കും. ആഫ്രിക്കയിൽ നിന്ന് ഈജിപ്ത്, ഐവറി കോസ്റ്റ്, ദക്ഷിണാഫ്രിക്ക ടീമുകൾ ഒളിമ്പിക്‌സ് യോഗ്യത ഉറപ്പിച്ചപ്പോൾ ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് ടീമുകളും ഒളിമ്പിക്‌സിൽ എത്തും. നിലവിൽ ലാറ്റിനമേരിക്കയിൽ നിന്നുള്ള രണ്ടാമത്തെ ടീം ആയി 14 മത്തെ ടീം ആയി ബ്രസീലിന് ഒളിമ്പിക്‌സ് യോഗ്യത നേടാൻ ആവുമോ എന്ന് അർജന്റീനക്ക് എതിരായ മത്സരഫലമാവും വിധി പറയുക.