ഐസിസിയുടെ ക്രിക്കറ്റ് കമ്മിറ്റിയുടെ ചെയര്‍മാനായി അനില്‍ കുംബ്ലൈയെ വീണ്ടും നിയമിച്ചു. ഇന്നലെ ദുബായിയില്‍ നടന്ന ഐസിസിയുടെ ബോര്‍ഡ് മീറ്റിംഗിലാണ് ഈ തീരൂമാനം കൈക്കൊണ്ടത്. മൂന്ന് വര്‍ഷത്തേക്ക് കൂടിയാണ് പുതിയ നിയമനം. 2012ല്‍ വിന്‍ഡീസ് താരം ക്ലൈവ് ലോയിഡിനു പകരമാണ് ഐസിസി ക്രിക്കറ്റ് കമ്മിറ്റിയുടെ ചെയര്‍മാനായി അനില്‍ കുംബ്ലൈ നിയമിതനാകുന്നത്.
ഇത് കൂടാതെ ഐസിസി പുതിയ വനിത കമ്മിറ്റി ആരംഭിക്കുമെന്ന തീരുമാനവും ബോര്‍ഡ് കൈകൊണ്ടിട്ടുണ്ട്. ക്ലെയര്‍ കോണ്ണര്‍ കമ്മിറ്റിയുടെ ചെയറില്‍ ഇരിക്കുമെന്ന തീരൂമാനവും മീറ്റിംഗില്‍ പുറത്ത് വന്നിട്ടുണ്ട്. രണ്ട് മുഴുവന്‍ അംഗങ്ങളുടെ പ്രതിനിധികളും ഒരു അസോസ്സിയേറ്റ് അംഗത്തിന്റെ പ്രതിനിധിയും രണ്ട് സിഇസി അംഗങ്ങളും ഒരു മീഡിയ പ്രതിനിധിയും ഒരു സ്വതന്ത്ര പ്രതിനിധിയ്ക്കും പുറമെ രണ്ട് കളിക്കാരുടെ പ്രതിനിധികളും ഒരു ഏകദിന കോച്ചും അടങ്ങിയതാവും ഈ കമ്മിറ്റി.
ഇത് കൂടാതെ 2020 ടി20 ലോകകപ്പ് യോഗ്യത റൗണ്ടിനു യുഎഇയും സ്കോട്‍ലാന്‍ഡും ആതിഥേയത്വം വഹിക്കുമെന്ന തീരുമാനവും ഇന്നലത്തെ മീറ്റിംഗില്‍ ഐസിസി എടുത്തിട്ടുണ്ട്. വനിത യോഗ്യത മത്സരങ്ങള്‍ ഈ വര്‍ഷം സെപ്റ്റംബര്‍ ഏഴിനും പുരുഷ യോഗ്യത മത്സരം ഒക്ടോബര്‍ 11നു ആരംഭിക്കുമെന്നാണ് ഐസിസി അറിയിച്ചത്.