ശ്രീലങ്ക നല്‍കിയ 308 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ വിന്‍ഡീസിന് 6 റണ്‍സിന്റെ തോല്‍വി. ഇരു ടീമുകളും തമ്മിലുള്ള മൂന്നാം ഏകദിനത്തില്‍ അവസാന ഓവറുകളില്‍ തകര്‍പ്പനടികളുമായി ഫാബിയന്‍ അല്ലെന്‍ ഉയര്‍ത്തിയ വെല്ലുവിളിയെ അതിജീവിച്ചാണ് ശ്രീലങ്കയുടെ വിജയം. അവസാന ഓവറില്‍ രണ്ട് വിക്കറ്റ് കൈവശമുള്ളപ്പോള്‍ വിന്‍ഡീസിന് 13 റണ്‍സായിരുന്നു നേടേണ്ടിയിരുന്നത്. 13 പന്തില്‍ 33 റണ്‍സ് നേടിയ ഫാബിയന്‍ അല്ലെന്‍ ക്രീസില്‍ പന്തെറിയാനെത്തിയത് സീനിയര്‍ താരം ആഞ്ചലോ മാത്യൂസ്.
ആദ്യ പന്ത് ബൗണ്ടറി കടത്തിയ ഫാബിയന്‍ അല്ലെനെ അടുത്ത പന്തില്‍ പുറത്താക്കിയതോടെ മത്സരം ശ്രീലങ്കയുടെ കീശയിലായി. 2 ഫോറും 3 സിക്സും സഹിതം 15 പന്തില്‍ 37 റണ്‍സാണ് അല്ലെന്‍ നേടിയത്. തുടര്‍ന്ന് രണ്ട് റണ്‍സ് കൂടി മാത്രം ടീം നേടിയപ്പോള്‍ വിന്‍ഡീസ് ഇന്നിംഗ്സ് 301/9 എന്ന നിലയില്‍ അവസാനിച്ചു.
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയ്ക്കായി കുശല്‍ മെന്‍ഡിസ്(55), ധനന്‍ജയ ഡി സില്‍വ(51), ദിമുത് കരുണാരത്നേ(44), കുശല്‍ പെരേര(44), തിസാര പെരേര(38) എന്നിവരുടെ ബാറ്റിംഗ് പ്രകടനമാണ് ടീമിനെ 307 റണ്‍സിലേക്ക് എത്തിച്ചത്. ഇന്നിംഗ്സിന്റെ അവസാന പന്തില്‍ ശ്രീലങ്ക ഓള്‍ഔട്ട് ആകുകയായിരുന്നു. വിന്‍ഡീസിന് വേണ്ടി അല്‍സാരി ജോസഫ് നാലും ജേസണ്‍ ഹോള്‍ഡര്‍ രണ്ടും വിക്കറ്റാണ് നേടിയത്.
ഷായി ഹോപ്(72), സുനില്‍ ആംബ്രിസ്(60), നിക്കോളസ് പൂരന്‍(50) എന്നിവര്‍ അര്‍ദ്ധ ശതകവും കീറണ്‍ പൊള്ളാര്‍ഡ് 49 റണ്‍സും നേടി ശക്തമായ ചേസിംഗ് വിന്‍ഡീസിനായി കാഴ്ചവെച്ചുവെങ്കിലും ആഞ്ചലോ മാത്യൂസിന്റെ ബൗളിംഗ് പ്രകടനമാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. ഫാബിയന്‍ അല്ലെന്‍ ഉള്‍പ്പെടെ നാല് വിക്കറ്റാണ് താരം വീഴ്ത്തിയത്.