ലിവർപൂൾ ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ ഉറപ്പിച്ചു. ഇന്ന് ആൻഫീൽഡിൽ നടന്ന രണ്ടാം പാദത്തിൽ ബെൻഫിക ലിവർപൂളിനോട് പൊരുതി നോക്കി എങ്കിലും 3-3ന്റെ സമനില മാത്രമേ അവർക്ക് ലഭിച്ചുള്ളൂ. ആദ്യ പാദത്തിൽ നേടിയ 3-1ന്റെ വിജയം ലിവർപൂളിന് സെമി ഉറപ്പ് നൽകി. ഇരു പാദങ്ങളിലുമായി 6-4 എന്ന സ്കോറിനാണ് ബെൻഫികയെ ലിവർപൂൾ മറികടന്നത്. സെമി ഫൈനലിൽ വിയ്യറയലിനെ ആകും ലിവർപൂൾ നേരിടുക.
ഇന്ന് വാൻ ഡൈക്, മാനെ, സലാ, ഫബീനോ എന്നിവരെ എല്ലാം ബെഞ്ചിൽ ഇരുത്തിയാണ് ലിവർപൂൾ കളി ആരംഭിച്ചത്. എന്നിട്ടും കാര്യമായ പ്രശ്നങ്ങൾ ലിവർപൂൾ നേരിട്ടില്ല. 21ആം മിനുട്ടിൽ ഒരു സെറ്റ്പീസിൽ നിന്ന് കൊനാറ്റയിലൂടെ ലിവർപൂൾ ലീഡ് എടുത്തു. കൊനാറ്റെ ആദ്യ പാദത്തിലും ഗോൾ നേടിയിരുന്നു. ഈ ഗോളിന് 32ആം മിനുട്ടിൽ റമോസിലൂടെ ബെൻഫിക മറുപടി നൽകി.
ആദ്യ പകുതി 1-1ന് അവസാനിച്ചു. രണ്ടാം പകുതിയിൽ ബെൻഫികയുടെ പ്രതീക്ഷകൾ തകർത്ത് കൊണ്ട് ഫർമീനോയുടെ ഇരട്ട ഗോളുകൾ വന്നു. 55ആം മിനുട്ടിലും 65ആം മിനുട്ടിലുമായിരുന്നു ഫർമീനോയുടെ ഗോളുകൾ. ഇതോടെ കളി ബെൻഫികയിൽ നിന്ന് അകന്നു. എങ്കിലും 74ആം മിനുട്ടിലെ യരം ചുകിന്റെ ഗോളിലൂടെ ഒരു ഗോൾ കൂടെ മടക്കി. അവിടെയും നിർത്താതെ പൊരുതിയ ബെൻഫിക 82ആം മിനുട്ടിൽ നുനസിലൂടെ സമനില ഗോളും നേടി. പക്ഷെ ആദ്യ പാദത്തിലെ പരാജയം മറികടക്കാൻ ഈ സമനില മതിയായിരുന്നില്ല.