സെപ്റ്റംബറിൽ നടക്കുന്ന സൗഹൃദ മത്സരങ്ങൾക്കായുള്ള ടീം ബ്രസീൽ പ്രഖ്യാപിച്ചപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവ മിഡ്ഫീൽഡർ ആൻഡ്രെസ് പെരേരയും ഇടം പിടിച്ചു. പെരേരയുടെ ബ്രസീൽ ടീമിലേക്കുള്ള തിരഞ്ഞെടുപ്പ് ഒരു ചരിത്രം കൂടിയാണ്. 100 വർഷത്തിനിടെ ഇതാദ്യമായാണ് ബ്രസീലിൽ ജനിക്കാത്ത ഒരു താരം ബ്രസീൽ ടീമിൽ ഇടം പിടിക്കുന്നത്.
ഫുട്ബോൾ താരങ്ങൾക്ക് ഒരു പഞ്ഞവുമില്ലാത്ത ബ്രസീലിൽ ഇത് പതിവ് കാഴ്ചയല്ല. ബ്രസീലിൽ ജനിച്ച പലതാരങ്ങളും അവസരം ലഭിക്കാത്തതിനാൽ രാജ്യം മാറി കളിക്കുമ്പോഴാണ് ഇങ്ങനെ ഒരു കാര്യം നടക്കുന്നത്. ബ്രസീൽ ഫുട്ബോൾ ചരിത്രത്തിൽ ഇതുവരെ ബ്രസീലിൽ ജനിക്കാത്ത നാലു താരങ്ങൾ മാത്രമെ രാജ്യത്തിന്റെ സീനിഉഅർ ടീമിനായി കളിച്ചിട്ടുള്ളൂ.
ബെൽജിയത്തിൽ ആണ് ജനിച്ച് വളർന്നത് എങ്കിലും പെരേരയുടെ പിതാവിന്റെ നാട് ബ്രസീൽ ആണ്. ബെൽജിയത്തിനായി അണ്ടർ 15, അണ്ടർ 16, അണ്ടർ 17 ടീമുകൾക്ക് കളിച്ചിട്ടുണ്ട് പെരേര. പക്ഷെ അതിനു ശേഷം ബ്രസീലിന് കളിക്കാൻ തീരുമാനിക്കുകയായിരുന്നു. ബ്രസീലിന്റെ അണ്ടർ 20, അണ്ടർ 23 ടീമുകൾക്കായി പെരേര കളിച്ചിട്ടുണ്ട്.
ബ്രസീൽ ടീമിൽ എടുക്കുന്നതിന് മുമ്പ് തന്നെ ബെൽജിയൻ ടീമിലേക്ക് ക്ഷണിച്ചാലും ക്ഷണം സ്വീകരിക്കില്ല എന്ന് പെരേര പറഞ്ഞിരുന്നു. ടീമിൽ ഇടം ലഭിച്ചതിൽ അഭിമാനം ഉണ്ടെന്നും 100 തവണ ചോദിച്ചാൽ 100 തവണയും താൻ ബ്രസീൽ മാത്രമെ തിരഞ്ഞെടുക്കുകയുള്ളൂ എന്നും പെരേര പറഞ്ഞു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial