ഇന്ന് നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് മെൽബൺ സിറ്റി മത്സരത്തിൽ ഉറ്റുനോക്കാൻ ഒരുപാട് കാര്യങ്ങളുണ്ട്. വൻ ക്ലബുകൾ പ്രീ സീസണായി വന്നു എന്നുള്ളത് ഒന്ന്, ഒരുപാട് താരങ്ങളുടെ കേരള ബ്ലാസ്റ്റേഴ്സ് അരങ്ങേറ്റം എന്നത് മറ്റൊന്ന്. ഇതിനൊക്കെയൊപ്പം ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്ന മറ്റൊരു കാര്യമാണ് ഒരു പ്രതിരോധ കൂട്ടുകെട്ട്. ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ഡിഫൻസിന്റെ ആ സെന്റർ ബാക്ക് കൂട്ടുകെട്ട് മഞ്ഞ ജേഴ്സിയിൽ ഒരുമിച്ച് ഇറങ്ങുന്നത്.
അതെ അനസ് എടത്തൊടികയും സന്ദേശ് ജിങ്കനും കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻസിന്റെ നെടുംതൂണായി മഞ്ഞ ജേഴ്സിയും അണിഞ്ഞ് നിക്കുന്നത് കാണാൻ ആരാധകർ കാത്തിരിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച രണ്ട് സെന്റർ ബാക്കുകളാണ് മലയാളികളുടെ സ്വന്തം അനസും ഒപ്പം കേരള ബ്ലാസ്റ്റേഴ്സിന്റെ എല്ലാമായ ക്യാപ്റ്റൻ ജിങ്കനും. ഇരുവരും ഇന്ത്യൻ ജേഴ്സിയിൽ ഒരുമിച്ച് ഇറങ്ങിയപ്പോഴൊക്കെ എതിർ രാജ്യങ്ങൾ വിറച്ചിരുന്നു.
ഒമ്പതു തവണ അനസ് എടത്തൊടിക-ജിങ്കൻ കൂട്ടുകെട്ട് ഒരുമിച്ച് ഇന്ത്യക്കായി ഇറങ്ങിയപ്പോൾ അതിൽ ആറ് മത്സരങ്ങളിലും ഇന്ത്യ ഗോൾ വഴങ്ങിയിരുന്നില്ല. ആരാധകർ മാത്രമല്ല അനസ് എടത്തൊടികയുടെയും വലിയ കാത്തിരിപ്പിന് അവസാനമാകും കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സി അണിയുന്നത്. അനസ് കഴിഞ്ഞ സീസണിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സിൽ വരണമെന്ന തന്റെ ആഗ്രഹം അറിയിച്ചിരുന്നു.
ജിങ്കൻ-അനസ് കൂട്ടുകെട്ട് ഇന്ന് യാഥാർത്ഥ്യമാകുമെന്നാണ് പ്രതീക്ഷയെങ്കിലും സെന്റർ ബാക്കായി കേരള ബ്ലാസ്റ്റേഴ്സിന് രണ്ട് വിദേശ താരങ്ങൾ ഉണ്ട് എന്നതും ഓർക്കേണ്ടതാണ്. ഫ്രഞ്ച് താരമായ സിറിൽ കാലിയും സെർബിയൻ താരമായ ലാകിച് പെസിചും. ഇരുവരിൽ ആർക്കേലും വേണ്ടി അനസോ ജിങ്കനോ സെന്റർ ബാക്ക് പൊസിഷൻ വിട്ടു കൊടുക്കേണ്ടി വരാനും സാധ്യതകളുണ്ട്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial