യൂറോപ്പ ലീഗ് ക്വാർട്ടറിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നിരാശ. ഇന്ന് ആദ്യ പാദത്തിൽ ഓൾഡ് ട്രാഫോർഡിൽ വെച്ച് മിലാനും യുണൈറ്റഡും ഏറ്റുമുട്ടിയപ്പോൾ മത്സരം 1-1 എന്ന സ്കോറിലാണ് അവസാനിച്ചത്. 93ആം മിനുട്ടിൽ വഴങ്ങിയ ഗോളാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് വിജയം നഷ്ടമാക്കിയത്. ഇന്ന് പതിയെ തുടങ്ങിയ യുണൈറ്റഡ് ആദ്യ പകുതിയിൽ നിറം മങ്ങിയ പ്രകടനമാണ് കാഴ്ചവെച്ചത്. മിലാൻ ആദ്യ പകുതിയിൽ മികച്ചു നിന്നു.
രണ്ടാം പകുതിയിൽ മാർഷ്യലിനെ പിൻവലിച്ച് യുവതാരം അമദ് ദിയാലൊയെ ഇറക്കാനുള്ള ഒലെയുടെ തീരുമാനം ഫലിക്കുന്നതാണ് കണ്ടത്. കളത്തിൽ ഇറങ്ങി നാലാം മിനുട്ടിൽ തന്നെ അമദ് ഗോൾ നേടി. ബ്രൂണൊ ഫെർണാണ്ടസിന്റെ പാസിൽ നിന്ന് ഒരു ഹെഡറിലൂടെ ആണ് അമദ് ഗോൾ നേടിയത്. അമദിന്റെ യുണൈറ്റഡ് ജേഴ്സിയിലെ ആദ്യ ഗോളാണ്. ആ ഗോളിന്റെ ആശ്വാസത്തിൽ ഇരുന്ന യുണൈറ്റഡിന് അവസാന നിമിഷമാണ് മിലാൻ തിരിച്ചടി നൽകിയത്.
93ആം മിനുട്ടിൽ ഒരു പവർഫുൾ ഹെഡറിലൂടെ സിമൊൺ ജെർ മിലാന് സമനില നൽകി. അടുത്ത ആഴ്ച ഇറ്റലിയിൽ വെച്ച് രണ്ടാം പാദ മത്സരം നടക്കും.