ടി20 ത്രിരാഷ്ട്ര ടൂര്‍ണ്ണമെന്റില്‍ തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കി ഓസ്ട്രേലിയ. ഇന്ന് നടന്ന മത്സരത്തില്‍ ഓസ്ട്രേലിയ 5 വിക്കറ്റിനാണ് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സ് നേടിയപ്പോള്‍ മാക്സ്വെല്ലിന്റെ ബാറ്റിംഗ് മികവില്‍ ഓസ്ട്രേലിയ ലക്ഷ്യം 18.3 ഓവറില്‍ മറികടന്നു. 5 വിക്കറ്റ് നഷ്ടത്തിലാണ് ഓസ്ട്രേലിയ ലക്ഷ്യം നേടിയത്.
ഇംഗ്ലണ്ടിനായി ദാവീദ് മലന്‍(50) മികച്ച ബാറ്റിംഗ് പുറത്തെടുത്തു. അലക്സ് ഹെയില്‍സ്, ഓയിന്‍ മോര്‍ഗന്‍ എന്നിവര്‍ 22 റണ്‍സ് വീതം നേടി പുറത്തായി. ഓസ്ട്രേലിയയ്ക്കായി ഗ്ലെന്‍ മാക്സ്വെല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ആഷ്ടണ്‍ അഗര്‍ രണ്ട് വിക്കറ്റ് നേടി. ബില്ലി സ്റ്റാന്‍ലേക്ക്, കെയിന്‍ റിച്ചാര്‍ഡ്സണ്‍, ആന്‍ഡ്രൂ ടൈ, മാര്‍ക്കസ് സ്റ്റോയിനിസ് എന്നിവരും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയുടെ തുടക്കം മോശമായിരുന്നു. ആദ്യ ഓവറില്‍ തന്നെ ഡേവിഡ് വാര്‍ണറെയും ക്രിസ് ലിന്നിനെയും പുറത്താക്കി ഡേവിഡ് വില്ലി ടീമിനു ഇരട്ട പ്രഹരം നല്‍കി. മൂന്നാം വിക്കറ്റില്‍ 78 റണ്‍സുമായി ഡിആര്‍ക്കി ഷോര്‍ട്ട്-ഗ്ലെന്‍ മാക്സ്വെല്‍ കൂട്ടുകെട്ട് ടീമിനെ വീണ്ടും മത്സരത്തിലേക്ക് തിരികെയെത്തിക്കുകയായിരുന്നു. ഷോര്‍ട്ട് പുറത്തായ ശേഷം വീണ്ടും വിക്കറ്റുകള്‍ ഒരു വശത്ത് വീണുവെങ്കിലും ഗ്ലെന്‍ മാക്സ്വെല്‍ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റ് വീശിയപ്പോള്‍ ലക്ഷ്യം ഓസ്ട്രേലിയ അനായാസം മറികടന്നു.
58 പന്തില്‍ നിന്ന് 4 സിക്സും 10 ബൗണ്ടറിയും അടക്കം 103 റണ്‍സ് നേടി മാക്സ്വെല്‍ പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിനായി 3 വിക്കറ്റ് വീഴ്ത്തിയ ഡേവിഡ് വില്ലിയാണ് മികവ് പുലര്‍ത്തിയത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial