പ്രീമിയർ ലീഗിൽ ഇന്ന് അവിശ്വസനീയമായ കാര്യമാണ് നടന്നത്. ചാമ്പ്യൻസ് ലീഗ് യോഗ്യത പ്രതീക്ഷ നിലനിർത്താൻ വേണ്ടി വിജയം അത്യാവശ്യമായിരുന്ന ലിവർപൂളിനെ ഇഞ്ച്വറി ടൈമിലെ ഒരു ഗോളിലൂടെ ഗോൾകീപ്പർ അലിസൺ രക്ഷിക്കുന്നത് ആണ് ഇന്ന് കണ്ടത്. ഇന്ന് വെസ്റ്റ് ബ്രോമിനെതിരായ മത്സരം 1-1 എന്ന നിലയിൽ അവസാനിക്കുകയാണ് എന്ന് തോന്നിയ സമയത്താണ് ഗോൾകീപ്പർ അലിസൺ ഒരു കോർണറിനു വേണ്ടി എതിർ ഗോൾ മുഖത്തേക്ക് പോയത്.
ആ കോർണറിൽ ഉയർന്നു ചാടി ബുള്ളറ്റ് ഹെഡറിലൂടെ അലിസൺ പന്ത് വലയിൽ എത്തിച്ച് ലിവർപൂളിന് വിജയം നൽകി. ലിവർപൂൾ ക്ലബിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ഗോൾ കീപ്പർ കോമ്പിറ്റിറ്റീവ് മത്സരത്തിൽ നിന്ന് ഗോൾ നേടുന്നത്. ഇന്ന് തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ പോയ ശേഷമാണ് ലിവർപൂൾ തിരിച്ചടിച്ച് വിജയം സ്വന്തമാക്കിയത്. റോബ്സൻ കനുവിലൂടെ പതിനഞ്ചാം മിനുട്ടിൽ ആണ് വെസ്റ്റ് ബ്രോം ലീഡ് എടുത്തത്. 33ആം മിനുട്ടിൽ മാനെയുടെ പാസിൽ നിന്ന് സലാ ലിവർപൂളിനെ കളിയിലേക്ക് തിരികെകൊണ്ടു വന്നു.
അതിനു ശേഷം നിരവധി അവസരങ്ങൾ ലിവർപൂളിന് വിജയിക്കാൻ കിട്ടി എങ്കിലും അവസാനം അലിസൺ വേണ്ടി വന്നു വിജയ ഗോൾ നേടാൻ. ഈ വിജയത്തോടെ 36 മത്സരങ്ങളിൽ നിന്ന് ലിവർപൂളിന് 63 പോയിന്റായി. 64 പോയിന്റുമായി ചെൽസിയും 66 പോയിന്റുമായി ലെസ്റ്ററും ആണ് ലിവർപൂളിന് മുന്നിൽ ഉള്ളത്.