അലക്സ് ഹെയിൽസിന്റെ കസുന്‍ രജിത ഓവറിലെ പ്രകടനം ഇല്ലായിരുന്നുവെങ്കിൽ കാര്യങ്ങള്‍ പ്രയാസമായേനെ – ജോസ് ബട്‍ലര്‍

Sports Correspondent

ഇന്ന് ശ്രീലങ്കയ്ക്കെതിരെ വിജയം നേടിയാൽ സെമിയിലെത്താമെന്നിരിക്കവേ അത്ര എളുപ്പമായിരുന്നില്ല ഇംഗ്ലണ്ടിന്റെ വിജയം. രണ്ട് പന്ത് മാത്രം ബാക്കി നിൽക്കവെയാണ് ഇംഗ്ലണ്ട് 142 റൺസ് ചേസ് ചെയ്ത് വിജയിച്ചത്.

അലക്സ് ഹെയിൽസും ജോസ് ബട്‍ലറും ഇംഗ്ലണ്ടിനെ അനായാസ ജയത്തിലേക്ക് നയിക്കുമെന്ന് തോന്നിപ്പിച്ച നിമിഷത്തിൽ നിന്ന് തുടരെ വിക്കറ്റുകള്‍ നഷ്ടമായ ടീമിനെ ബെന്‍ സ്റ്റോക്സ് 44 റൺസുമായി പുറത്താകാതെ നിന്നാണ് മത്സരത്തിൽ വിജയം ഉറപ്പാക്കിയത്.

ടോപ് ഓര്‍ഡറിൽ അലക്സ് ഹെയിൽസ് കസുന്‍ രജിതയുടെ ഒരോവറിൽ അടിച്ച് തകര്‍ത്തത് ഇംഗ്ലണ്ടിന് മേൽക്കൈ നേടിക്കൊടുത്തുവെന്നാണ് ജോസ് ബട്‍ലര്‍ പറഞ്ഞത്. രജിതയുടെ ഒരോവറിൽ മൂന്ന് ഫോറും ഒരു സിക്സും അടക്കം 20 റൺസ് നേടിയപ്പോള്‍ പവര്‍പ്ലേയിൽ ഇംഗ്ലണ്ട് 70/0 എന്ന നിലയിലായിരുന്നു.

ഈ ഘട്ടത്തിൽ ഇംഗ്ലണ്ട് നിഷ്പ്രയാസം വിജയിക്കുമെന്ന നിലയിലായിരുന്നുവെങ്കില്‍ പിന്നീട് 19.4 ഓവറിലാണ് വിജയം ഇംഗ്ലണ്ട് സ്വന്തമാക്കിയത്. ഈ ഓവര്‍ ഇല്ലായിരുന്നുവെങ്കില്‍ ഒരു പക്ഷേ ഇംഗ്ലണ്ടിന്റെ സെമി മോഹങ്ങള്‍ തന്നെ തകരുമായിരുന്നു.