മുൻ എഫ് സി തൃശ്ശൂരിന്റെ നായകൻ അഖിലിന് മിനേർവ പഞ്ചാബിൽ പുതിയ കരാർ. രണ്ട് വർഷത്തേക്കുള്ള പുതിയ കരാറിലാണ് അഖിൽ ഒപ്പിട്ടിരിക്കുന്നത്. നേരത്തെ പഞ്ചാബ് ലീഗ് കളിക്കാൻ വേണ്ടി ആയിരുന്നു അഖിലിനെ മിനേർവ സൈൻ ചെയ്തത്. പഞ്ചാബ് ലീഗിൽ താരം നടത്തിയ പ്രകടനം പുതിയ കരാറിന് താരത്തെ അർഹനാക്കുകയായിരുന്നു.
അത്താണി സ്വദേശിയായ അഖിൽ പി അവസാന രണ്ട് സീസണുകളിലും എഫ് സി തൃശ്ശൂരിനായി തകർപ്പൻ പ്രകടനം കാഴ്ചവെച്ചിടരുന്നു. 25കാരനായ അഖിൽ ഡിഫൻസീവ് മിഡ്ഫീൽഡറായും സെന്റർ ബാക്കായും കളിക്കാൻ മികവുള്ള താരമാണ്.
2016-17 സീസണിൽ എഫ് സി തൃശ്ശൂർ കേരള പ്രീമിയർ ലീഗിൽ റണ്ണേഴ്സ് ആയപ്പോഴും ഈ സീസണിൽ സെമി വരെ എഫ് സി തൃശ്ശൂർ എത്തിയപ്പോഴും ടീമിന്റെ നിർണായക ഘടകമായിരുന്നു അഖിൽ. നിലവിലെ ഐ ലീഗ് ചാമ്പ്യന്മാരായ മിനേർവയുടെ ഐലീഗ് കിരീടം നിലനിർത്താനുള്ള പോരാട്ടത്തിലും എ എഫ് സി ചാമ്പ്യൻസ്ലീഗ് പോരിലും അഖിലും ടീമിനൊപ്പം ഉണ്ടാകും. ഇർഷാദ്, സബീത്ത് തുടങ്ങി മലയാളി സാന്നിദ്ധ്യത്തിൽ നിറയുകയാണ് മിനേർവ ഇപ്പോൾ.