ആദ്യ ഗെയിമിന്റെ ഇടവേള സമയത്ത് ലീഡ് ചെയ്ത് നിന്ന സിന്ധുവിനെ പിന്നീട് കാഴ്ചക്കാരിയാക്കി മാറ്റി ഇന്തോനേഷ്യ ഓപ്പണ്‍ കിരീടം ചൂടി ജപ്പാന്റെ അകാനെ യമാഗൂച്ചി. ഇന്ന് നടന്ന ഫൈനല്‍ മത്സരത്തില്‍ നേരിട്ടുള്ള ഗെയിമിലായിരുന്നു യമാഗൂച്ചിയുടെ വിജയം. സ്കോര്‍: 21-15, 21-16
ആദ്യ ഗെയിമില്‍ അകാനെ 3 പോയിന്റ് നേടിയെങ്കിലും പിന്നീട് 5 തുടര്‍ പോയിന്റുകള്‍ നേടി സിന്ധു ശക്തമായ തിരിച്ചുവരവ് മത്സരത്തില്‍ നടത്തി. പിന്നീട് ഇരു താരങ്ങളും അപ്പത്തിനൊപ്പം പോരാടിയ മത്സരത്തില്‍ ആദ്യ ഇടവേള സമയത്ത് 11-8ന്റെ ലീഡ് നേടി. ഇടവേളയ്ക്ക് ശേഷം മെച്ചപ്പെട്ട് പ്രകടനവുമായി ജാപ്പനീസ് താരം മികച്ച തിരിച്ചുവരവ് നടത്തുന്നതാണ് പിന്നീട് കണ്ടത്. 14-13ന് ലീഡ് ചെയ്യുകയായിരുന്ന സിന്ധുവിനെ കാഴ്ചക്കാരിയാക്കി 5 പോയിന്റുകള്‍ നേടി 18-14ന് ലീഡും പിന്നീട് 21-15ന് ആദ്യ ഗെയിമും അകാനെ അനായാസം സ്വന്തമാക്കി.
രണ്ടാം ഗെയിമിലും അകാനെ തന്നെയാണ് മികച്ച രീതിയില്‍ തുടങ്ങിയത്. ഒരു ഘട്ടത്തില്‍ 4-1ന്റെ ലീഡ് താരം നേടിയെങ്കിലും സിന്ധു 4-4ന് മത്സരം ഒപ്പം പിടിക്കുന്നതാണ് കണ്ടത്. എന്നാല്‍ ആദ്യ ഗെയിമിലേതിന് പോലെ സിന്ധുവിനെതിരെ ശക്തിയാര്‍ജ്ജിക്കുന്ന പ്രകടനവുമായി അകാനെ യമാഗൂച്ചി രണ്ടാം ഗെയിമിലും പതിയെ പിടിമുറുക്കുന്നതാണ് കണ്ടത്. ആദ്യ ഗെയിമിന്റെ ഇടവേളയില്‍ സിന്ധുവിനായിരുന്നു ലീഡെങ്കില്‍ അതേ മാര്‍ജിനില്‍ 11-8 എന്ന സ്കോറിന് രണ്ടാം ഗെയിമിലെ ഇടവേളയക്ക് അകാനെ മുന്നിട്ട് നിന്നു. ഇടവേളയ്ക്ക് ശേഷവും സിന്ധുവിന് കാര്യമായി ഒന്നും ചെയ്യാനാകാതെ വന്നപ്പോള്‍ മത്സരത്തിലെ രണ്ടാം ഗെയിമും 21-16 വിജയിച്ച് കിരീടം അകാനെ യമാഗൂച്ചി സ്വന്തമാക്കി.