” ട്രോഫി ഉരുക്കി അയാക്സ്, എല്ലാം ആരാധകര്‍ക്ക് വേണ്ടി “

Jyotish

സിനിമാ കഥകളെ അനുസ്മരിപ്പിക്കും വിധം ആരാധകരെ ഞെട്ടിച്ച് ഡച്ച് ചാമ്പ്യന്മാരായ അയാക്സ്. കൊറോണ പാൻഡമിക് കാരണം സ്റ്റേഡിയത്തിൽ എത്താൻ കഴിയാതിരുന്ന സീസൺ ടിക്കറ്റുകൾ കയ്യിലുള്ള 42,000 ആരാധകർക്ക് ട്രോഫി ഉരുക്കിയാണ് അയാക്സ് ഗിഫ്റ്റ് നൽകുന്നത്. ഡച്ച് ലീഗിൽ ജേതാക്കളായ അയാക്സ് തങ്ങൾക്ക് ലഭിച്ച ട്രോഫി ഉരുക്കി ചെറിയ സ്റ്റാറുകളാക്കി മാറ്റി 42,000 ആരാധകർക്കും അയച്ചു കൊടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

3.45 ഗ്രാം തൂക്കമുള്ള ചെറിയ സ്റ്റാറുകളാണ് ആരാധകർക്ക് നൽകുക. അയാക്സിന് ലഭിച്ച കിരീടത്തിന്റെ ഒരു പങ്ക് എല്ലാമെല്ലാമായ ആരാധകർക്കും നൽകുകയാണെന്നാണ് ക്ലബ്ബ് അറിയിച്ചത്. മൊത്തം പ്രൊസസും ഉൾക്കൊള്ളുന്ന ഒരു വീഡിയോയും അയാക്സ് സമൂഹമാധ്യമങ്ങളിലൂടെ പങ്ക് വെച്ചു. ഈ സീസണിൽ 34ൽ 30‌ മത്സരങ്ങളും അടച്ചിട്ട സ്റ്റേഡിയത്തിലാണ് അയാക്സ് കളിച്ചത്. അതുകൊണ്ട് തന്നെ ആരാധകർക്ക് ഒരു മികച്ച സർപ്രൈസാണ് അയാക്സ് ഒരുക്കിയത്. 55,000 പേർക്കിരിക്കാവുന്ന യോഹാൻ ക്രയുഫ് അറീനയാണ് അയാക്സിന്റെ ഹോം സ്റ്റേഡിയം. ഹോളണ്ടിൽ 35ആം ലീഗ് കിരീടം നേടിയ അയാക്സിന് ഡിസ്പ്ലേയ്ക്കായി മറ്റൊരു ട്രോഫി റിപ്ലിക്ക നൽകുമെന്ന് ഡച്ച് ഫെഡറേഷൻ അറിയിച്ചതായും അയാക്സ് ക്ലബ്ബ് അധികൃതർ അറിയിച്ചിരുന്നു.