ഈ ചാമ്പ്യൻസ് ലീഗ് സീസണിലെ അയാക്സിന്റെ ഗംഭീര പ്രകടനം തുടരുകയാണ്. ഇന്ന് ഗ്രൂപ്പിലെ അവരുടെ നിർണായക മത്സരത്തിൽ ശക്തരായ ബൊറൂസിയ ഡോർട്മുണ്ടിനെ അയാക്സ് നിലം തൊടാൻ അനുവദിച്ചില്ല. ആംസ്റ്റർഡാമിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് അയാക്സ് വിജയിച്ചത്. ഹാളണ്ടിനെ മറ്റു ഡോർട്മുണ്ട് സൂപ്പർ താരങ്ങൾക്കോ ഒരു അത്ഭുതവും കാണിക്കാൻ ഇന്ന് ആയില്ല. മത്സരത്തിന്റെ 11ആം മിനുട്ടിൽ ഒരു സെൽഫ് ഗോളിലൂടെ ആയിരുന്നു അയാക്സ് ഗോൾ പട്ടിക തുറന്നത്. ടാഡിച് എടുത്ത ഫ്രീകിക്കിൽ നിന്നായിരുന്നു ഈ സെൽഫ് ഗോൾ.
മത്സരത്തിന്റെ 25ആം മിനുട്ടിൽ പെനാൽട്റ്റി ബോക്സിന് പുറത്ത് നിന്നുള്ള ഷോട്ടിലൂടെ ഡാലെ ബ്ലിൻഡ് അയാക്സിന്റെ ലീഡ് ഇരട്ടിയാക്കി. രണ്ടാം പകുതിയിൽ അയാക്സ് അവരുടെ പ്രകടനം കൂടുതൽ മെച്ചപ്പെടുത്തി. 57ആം മിനുട്ടിൽ ഹാളറിന്റെ അസിസ്റ്റിൽ നിന്ന് ആന്റണിയും 72ആം മിനുട്ടിൽ ബ്ലിൻഡിന്റെ പാസിൽ നിന്ന് ഹാളറും അയാക്സിനായി ഗോൾ നേടി. ഈ ഗോളുകൾക്ക് ഒന്നും ഡോർട്മുണ്ടിന്റെ മറുപടി ഉണ്ടായുമില്ല.
ഈ വിജയത്തോടെ അയാക്സിന് മൂന്ന് മത്സരങ്ങളിൽ നിന്ന് 9 പോയിന്റായി. ഡോർട്മുണ്ടിന് 6 പോയിന്റാണ് ഉള്ളത്.