പൊരുതി നോക്കി റാസ, പരമ്പര സ്വന്തമാക്കി അഫ്ഗാനിസ്ഥാന്‍

Sports Correspondent

സിംബാബ്‍വേയ്ക്കെതിരെയുള്ള രണ്ടാം ടി20 മത്സരത്തില്‍ 17 റണ്‍സ് ജയം സ്വന്തമാക്കി അഫ്ഗാനിസ്ഥാന്‍. അഫ്ഗാനിസ്ഥാന്‍ നേടിയ 158 റണ്‍സ് പിന്തുടരാനിറങ്ങിയ സിംബാബ്‍വേയ്ക്ക് 5 വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സ് മാത്രമേ നേടാനായുള്ളു. 159 റണ്‍സ് വിജയലക്ഷ്യം തേടി ഇറങ്ങിയ സിംബാബ്‍വേയ്ക്ക് വേണ്ടി 26 പന്തില്‍ 40 റണ്‍സുമായി സിക്കന്ദര്‍ റാസ പൊരുതി നോക്കിയെങ്കിലും റഷീദ് ഖാന്റെ മുന്നില്‍ വിക്കറ്റിനു മുന്നില്‍ റാസ കുടുങ്ങിയതോടെ പരമ്പരയില്‍ ഒപ്പമെത്തുവാനുള്ള സിംബാബ്‍വേ ശ്രമങ്ങള്‍ക്ക് അവസാനമാവുകയായിരുന്നു. 29 റണ്‍സുമായി ഹാമിള്‍ട്ടണ്‍ മസകഡ്സയാണ് മറ്റൊരു പ്രധാന സ്കോറര്‍.

മൂന്നാം ഓവറില്‍ മുജീബ് സദ്രാന്‍ സോളമന്‍ മീറിനെ പുറത്താക്കി സിംബാബ്‍വേയ്ക്ക് ആദ്യ പ്രഹരം സമ്മാനിച്ചു. വെടിക്കെട്ട് ബാറ്റിംഗിനു തുടക്കം കുറിച്ച് വരുകയായിരുന്നു മസകഡ്സയായിരുന്നു മുജീബിന്റെ രണ്ടാമത്തെ ഇര. ബ്രണ്ടന്‍ ടെയിലറെ(15) നബി പുറത്താക്കിയ ശേഷമാണ് നാലാം വിക്കറ്റില്‍ 53 റണ്‍സ് കൂട്ടുകെട്ടുമായി റാസ-റയാന്‍ ബര്‍ള്‍(30) സഖ്യം സിംബാബ്‍വേയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമം നടത്തിയത്.

അഫ്ഗാനിസ്ഥാനു വേണ്ടി മുജീബ് സദ്രാനും റഷീദ് ഖാനും രണ്ട് വീതം വിക്കറ്റ് വീഴ്തത്തിയപ്പോള്‍ മുഹമ്മദ് നബി ഒരു വിക്കറ്റിനു ഉടമയായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial