2022 ലെ ആഫ്രിക്കൻ ആഫ്രിക്കൻ നേഷൻസ് കപ്പിലെ മികച്ച താരമായി സെനഗലിന്റെ സാദിയോ മാനെ. ഈജ്പ്തിനു എതിരായ പെനാൽട്ടി ഷൂട്ട് ഔട്ടിൽ വിജയ പെനാൽട്ടി ലക്ഷ്യം കണ്ട മാനെ ടൂർണമെന്റിൽ ഉടനീളം അതുഗ്രൻ പ്രകടനം ആണ് നടത്തിയത്. ടൂർണമെന്റിൽ 3 ഗോളുകളും 2 അസിസ്റ്റുകളും ആണ് ലിവർപൂൾ താരം നേടിയത്. ആഫ്രിക്കൻ നേഷൻസ് ലീഗിൽ കഴിഞ്ഞ രണ്ടു ടൂർണമെന്റിൽ ആയി സെനഗൽ നേടിയ 14 ഗോളിൽ 9 എണ്ണത്തിലും പങ്ക് വഹിച്ച മാനെ ടീമിന്റെ ആക്രമണം ഏതാണ്ട് ഒറ്റക്ക് ആണ് നയിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ വെറും ഒരു ഗോൾ അടിച്ചു തുടങ്ങിയ സെനഗൽ ടൂർണമെന്റ് പുരോഗമിക്കുന്ന മുറക്ക് മികവിലേക്ക് ഉയരുക ആയിരുന്നു.
ടൂർണമെന്റിൽ 5 ക്ലീൻ ഷീറ്റുകൾ നേടിയ ചെൽസി ഗോൾ കീപ്പർ എഡാർഡ് മെൻഡി ആണ് ടൂർണമെന്റിലെ മികച്ച ഗോൾ കീപ്പർ. ടൂർണമെന്റിൽ വെറും 2 ഗോളുകൾ മാത്രം ആണ് ചാമ്പ്യൻസ് ലീഗ് ജേതാവ് കൂടിയായ മെൻഡി വഴങ്ങിയത്. ഇതോടൊപ്പം ഫൈനലിൽ പെനാൽട്ടി രക്ഷിച്ചു സെനഗലിന് മെൻഡി കിരീടം സമ്മാനിക്കുകയും ചെയ്തു. നാപോളി താരം കൊലിബാലി നയിക്കുന്ന സെനഗൽ പ്രതിരോധത്തിന്റെ ഏറ്റവും വലിയ കരുത്ത് ആണ് മെൻഡി. ടൂർണമെന്റിൽ ആതിഥേയരായ കാമറൂണിന് ആയി 8 ഗോളുകൾ നേടിയ വിൻസെന്റ് അബൂബക്കർ ആണ് ടൂർണമെന്റിലെ ടോപ്പ് സ്‌കോറർ. അബൂബക്കറിന്റെ ഗോളടി മികവിൽ സെമിഫൈനൽ വരെയെത്തിയ കാമറൂൺ ഈജ്പ്തിനോട് പെനാൽട്ടിയിൽ തോറ്റ് പുറത്ത് പോവുകയായിരുന്നു.