നിര്‍ണ്ണായകമായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയെ മുന്‍നിര ബാറ്റ്സ്മാന്മാര്‍ കൈവിട്ടു. ക്യാപ്റ്റന്‍ വിരാട് കോഹിലുടെ അര്‍ദ്ധ ശതകവും ശിഖര്‍ ധവാന്റെ 44 റണ്‍സും ഒഴിച്ച് നിര്‍ത്തിയാല്‍ നിരാശാജനകമായ ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യന്‍ താരങ്ങളില്‍ നിന്നുണ്ടായത്. ഇംഗ്ലണ്ടിനു വേണ്ടി ആദില്‍ റഷീദാണ് ഇന്ത്യന്‍ ബാറ്റിംഗ് നിരയുടെ നട്ടെലൊടിച്ചത്. മത്സരത്തില്‍ വിരാട് കോഹ്‍ലി(71) ഉള്‍പ്പെടെ 3 വിക്കറ്റുകളാണ് റഷീദ് വീഴ്ത്തിയത്.
ഇന്ത്യയുടെ തുടക്കം തന്നെ പതിഞ്ഞ രൂപത്തിലായിരുന്നു. ആദ്യ ആറോവറില്‍ 13 റണ്‍സ് നേടാന്‍ മാത്രമേ ഇന്ത്യയ്ക്ക് സാധിച്ചുള്ളു. രോഹിത് ശര്‍മ്മയുടെ വിക്കറ്റും ടീമിനു നഷ്ടമായി. പിന്നീട് 71 റണ്‍സ് കൂട്ടുകെട്ടുമായി ശിഖര്‍ ധവാന്‍-വിരാട് കോഹ്‍ലി കൂട്ടുകെട്ട് ഇന്ത്യയെ മുന്നോട്ട് നയിച്ചുവെങ്കിലും ധവാന്‍ റണ്‍ഔട്ടായി പുറത്തായി.
മത്സരത്തില്‍ ലോകേഷ് രാഹുലിനു പകരം അവസരം ലഭിച്ച ദിനേശ് കാര്‍ത്തിക് 21 റണ്‍സ് നേടിയെങ്കിലും ആദില്‍ റഷീദ് താരത്തെ പുറത്താക്കി. ഏതാനും ഓവറുകള്‍ക്ക് ശേഷം വിരാട് കോഹ്‍ലിയെയും ആദില്‍ റഷീദ് തന്നെ മടക്കിയയച്ചു. എംഎസ് ധോണി 42 റണ്‍സ് നേടിയെങ്കിലും തുടക്കത്തില്‍ ഏറെ പന്തുകള്‍ താരം നഷ്ടപ്പെടുത്തി. 66 പന്തില്‍ നിന്നാണ് ധോണിയുടെ 42 റണ്‍സ്.
50 ഓവറില്‍ നിന്ന് 8 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 258 റണ്‍സാണ് നേടിയത്. ബെന്‍ സ്റ്റോക്സ് എറിഞ്ഞ 49ാം ഓവറില്‍ രണ്ട് സിക്സ് സഹിതം 17 റണ്‍സ് നേടി ശര്‍ദ്ധുല്‍ താക്കൂര്‍ ആണ് ഇന്ത്യയുടെ സ്കോര്‍ 250 കടത്തിയത്. താക്കൂര്‍ 22 റണ്‍സുമായി പുറത്താകാതെ നിന്നു. 13 പന്തില്‍ നിന്നാണ് ശര്‍ദ്ധുളിന്റെ വെടിക്കെട്ട്.
ആദില്‍ റഷീദിനു പുറമേ മാര്‍ക്ക് വുഡ്, ഡേവിഡ് വില്ലി(3) എന്നിവരാണ് ഇംഗ്ലണ്ടിനായി വിക്കറ്റുകള്‍ നേടിയത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial