വിരാട് കോഹ്‍ലിയും എബി ഡി വില്ലിയേഴ്സും തകര്‍ത്തടിച്ചപ്പോള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ കൂറ്റന്‍ സ്കോര്‍ നേടി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. പാര്‍ത്ഥിവ് പട്ടേലിനെ നഷ്ടമാകുമ്പോള്‍ ബാംഗ്ലൂര്‍ 7.5 ഓവറില്‍ 64 റണ്‍സാണ് നേടിയിരുന്നത്. പാര്‍ത്ഥിവ് പട്ടേല്‍ 24 പന്തില്‍ നിന്ന് 25 റണ്‍സാണ് പാര്‍ത്ഥിവ് പട്ടേല്‍ നേടിയത്. തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച കോഹ്‍ലിയ്ക്ക് എബി ഡി വില്ലിയേഴ്സ് കൂട്ടായി എത്തിയപ്പോള്‍ ആര്‍സിബിയുടെ സ്കോറിംഗ് വേഗത കുതിച്ചുയരുകയായിരുന്നു.
വിരാട് കോഹ്‍ലിയും എബി ഡി വില്ലിയേഴ്സും തങ്ങളുടെ അര്‍ദ്ധ ശതകങ്ങള്‍ നേടിയപ്പോള്‍ 16 ഓവറില്‍ നിന്ന് ടീം 153 റണ്‍സിലേക്ക് കുതിച്ചുയര്‍ന്നു. കുല്‍ദീപ് യാദവ് മികച്ചൊരു റിട്ടേണ്‍ ക്യാച്ചിലൂടെ വിരാട് കോഹ്‍ലിയെ പുറത്താക്കുമ്പോള്‍ ആര്‍സിബി നായകന്‍ 49 പന്തില്‍ നിന്ന് 84 റണ്‍സാണ് നേടിയിരുന്നത്. 9 ബൗണ്ടറിയും 2 സിക്സും അടങ്ങിയതായിരുന്നു വിരാടിന്റെ ഇന്നിംഗ്സ്. രണ്ടാം വിക്കറ്റില്‍ എബിഡിയുമായി ചേര്‍ന്ന് ആര്‍സിബിയ്ക്കായി വിരാട് കോഹ്‍ലി 108 റണ്‍സാണ് നേടിയത്.
19ാം ഓവറില്‍ സുനില്‍ നരൈന്‍ പുറത്താക്കുമ്പോള്‍ എബി ഡി വില്ലിയേഴ്സ് 32 പന്തില്‍ നിന്ന് 5 ഫോറും 4 സിക്സും സഹിതം 63 റണ്‍സാണ് നേടിയത്. വിരാടും എബിഡിയും പുറത്തായതോടെ 200 കടക്കാമെന്ന ബാംഗ്ലൂരിന്റെ മോഹങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന് കരുതിയെങ്കിലും 13 പന്തില്‍ നിന്ന് 28 റണ്‍സ് നേടി മാര്‍ക്കസ് സ്റ്റോയിനിസ് ബാംഗ്ലൂരിന്റെ സ്കോര്‍ 200 കടത്തി.
അവസാന നാലോവറില്‍ നിന്ന് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ 52 റണ്‍സ് കൂടി ചേര്‍ത്ത് ടീം സ്കോര്‍ 20 ഓവറില്‍ നിന്ന് 3 വിക്കറ്റ് നഷ്ടത്തില്‍ സ്കോര്‍ 205 റണ്‍സിലേക്ക് ഉയര്‍ത്തി. കൊല്‍ക്കത്തയ്ക്കായി സുനില്‍ നരൈന്‍, കുല്‍ദീപ് യാദവ്, നിതീഷ് റാണ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.