ബാഴ്സലോണ യുവതാരം പെഡ്രിക്ക് ഇന്നാണ് തന്റെ ഫുട്ബോൾ സീസൺ അവസാനിക്കുന്നത്. 18കാരനായ താരം ഈ സീസണിൽ കളിച്ച മത്സരങ്ങൾ 73ആണ്. ഇന്നത്തെ ഒളിമ്പിക്സ് ഗോൾഡ് മെഡൽ മത്സരമായിരുന്നു ഇതിൽ അവസാനത്തേത്. വിശ്രമം ഇല്ലാതെ ഒരു സീസൺ മുഴുവൻ കളിച്ച പെഡ്രിക്ക് ഇനി ഇത്തിരി വിശ്രമം നൽകണം എന്ന് മാത്രമാകും ഫുട്ബോൾ ആരാധകർക്ക് പറയാൻ ഉള്ളത്. ബാഴ്സലോണക്കായി ഈ സീസണിലെ ഭൂരിഭാഗം മത്സരവും കളിച്ച പെഡ്രി ക്ലബ് ഫുട്ബോൾ സീസൺ കളിച്ചതിനു പിന്നാലെ യൂറോ കപ്പ് കളിക്കാൻ സ്പെയിനൊപ്പം പോയി.
യൂറോ കപ്പിൽ സെമി ഫൈനൽ വരെയുള്ള സ്പെയിനിന്റെ കുതിപ്പിൽ നിർണായക പ്രകടനം നടത്താൻ പെഡ്രിക്കായിരുന്നു. ഇതിനു പിന്നാലെ പെഡ്രിയെ സ്പെയിൻ ഒളിമ്പിക്സിനും കൊണ്ടു പോയി. അവിടെ ഫൈനൽ വരെ പെഡ്രി കളിച്ചു. ആകെ ഈ സമ്മറിൽ മാത്രം 1188 മിനുട്ടുകൾ പെഡ്രി സ്പെയിനു വേണ്ടി കളിച്ചു. വ്യത്യസ്തമായ ഒമ്പതു ടൂർണമെന്റുകളുടെ ഭാഗവുമായി ഈ സീസണിൽ പെഡ്രി. വലിയ ടാലന്റായി കണക്കാക്കപ്പെടുന്ന പെഡ്രിയെ ഇങ്ങനെ കളിപ്പിക്കുന്നത് താരത്തിന്റെ ഭാവിയെ തന്നെ ബാധിക്കും എന്ന് ഫുട്ബോൾ നിരീക്ഷകർ കരുതുന്നു.
അടുത്ത ആഴ്ച ലാലിഗ ആരംഭിക്കാൻ ഇരിക്കെ പെഡ്രി പെട്ടെന്ന് തന്നെ ബാഴ്സലോണ ക്യാമ്പിലേക്ക് മടങ്ങിയേക്കും. എന്നാൽ ഒരു രണ്ടാഴ്ച എങ്കിലും പെഡ്രിക്ക് അധികം വിശ്രമം നൽകണം എന്നാണ് ഫുട്ബോൾ പ്രേമികൾ ബാഴ്സലോണയോട് ഇപ്പോൾ ആവശ്യപ്പെടുന്നത്.