ടെസ്റ്റായാലും ഏകദിനമായാലും ടി20യായാലും ക്രിക്കറ്റ് ബാറ്റ്സ്മാന്മാരുടെ ഗെയിം ആയാണ് വിശേഷിപ്പിക്കുന്നത്. ആവേശകരമായ ചെറു സ്കോര്‍ മത്സരങ്ങള്‍ കണ്ട് ആഹ്ലാദിക്കുമ്പോളും കാണികളും ആഗ്രഹിക്കുന്നത് കൂറ്റനടികള്‍ നിറഞ്ഞ വെടിക്കെട്ട് പ്രകടനമാണ്. എന്നാല്‍ ക്രിക്കറ്റില്‍ 30 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ടെസ്റ്റ് ക്രിക്കറ്റില്‍ ശതകങ്ങളെക്കാളധികം അഞ്ച് വിക്കറ്റ് നേട്ടം പിറന്ന വര്‍ഷമാണ് 2018.
2018ല്‍ 48 ടെസ്റ്റില്‍ നിന്ന് 68 ശതകങ്ങള്‍ പിറന്നപ്പോള്‍ 71 അഞ്ചോ അതിലധികം വിക്കറ്റുകളോ നേടിയ പ്രകടനം പിറന്ന വര്‍ഷമാണ് കഴിഞ്ഞ് പോയത്. തൊട്ടു മുമ്പത്തെ വര്‍ഷം 47 ടെസ്റ്റുകളില്‍ നിന്ന് 92 ശതകങ്ങളും 55 അഞ്ച് വിക്കറ്റ് നേട്ടവുമാണ് പിറന്നത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇത് തന്നെയാണ് സ്ഥിതി.
കഴിഞ്ഞ ദശാബ്ദത്തിലെ കണക്ക് നോക്കുകയാണെങ്കില്‍ ശതകങ്ങള്‍ ഏറ്റവും കുറവ് പിറന്ന വര്‍ഷമാണ് 2018. അതേ സമയം ഏറ്റവും അധികം അഞ്ച് വിക്കറ്റ് നേട്ടം പിറന്ന വര്‍ഷം കൂടിയായി മാറി 2018. പതിവ് വിരസമായ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് ഗെയിമിന്റെ ഈ ഫോര്‍മാറ്റ് ഈ വര്‍ഷം കൂടുതല്‍ ആവേശകരമായി എന്ന് വേണം ഇതില്‍ നിന്ന് മനസ്സിലാക്കുവാന്‍.