രാജീവ് ഗാന്ധി ഖേൽരത്‌നയിൽ നിന്നു മേജർ ധ്യാൻ ചന്ദ് ഖേൽരത്‌ന അവാർഡ് ആയി മാറിയ ശേഷമുള്ള ആദ്യ ഖേൽരത്‌ന പുരസ്‌കാരത്തിന് 12 കായിക താരങ്ങൾ അർഹരായി. ചരിത്രത്തിൽ ആദ്യമായി ഇന്ത്യക്ക് ഒളിമ്പിക്‌സിൽ സ്വർണം നേടി നൽകിയ നീരജ് ചോപ്ര, ഒളിമ്പിക്‌സിൽ മെഡൽ നേടിയ ഗുസ്തി താരം രവികുമാർ, ബോക്‌സർ ലോവ്‌ലിന എന്നിവർക്ക് ഒപ്പം ഒളിമ്പിക്‌സിൽ വെങ്കലം നേടിയ ഹോക്കി ടീം നായകൻ മനപ്രീത് സിംഗ്, മലയാളിയായ ഹോക്കി ഗോൾ കീപ്പർ പി.ആർ ശ്രീജേഷ് എന്നിവർക്ക് ഖേൽരത്‌ന നൽകപ്പെട്ടു.
ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം നടത്തിയ പാരാ ഒളിമ്പിക് താരങ്ങളും ഖേൽരത്‌ന പുരസ്‌കാരത്തിന് അർഹത നേടി. പാരാ ഒളിമ്പിക് ഷൂട്ടിങ് താരങ്ങളായ അവാനി ലെഖാര,മനീഷ് നർവാൾ, പാരാ അത്ലറ്റിക് താരം സുമിത് അന്തിൽ, പാരാ ബാഡ്മിന്റൺ താരങ്ങളായ പ്രമോദ് ഭഗത്, കൃഷ്ണ നഗാർ എന്നിവർക്കും ഖേൽരത്‌ന നൽകപ്പെടും. ഇവർക്ക് പുറമെ ഇന്ത്യൻ ഫുട്ബോൾ ടീം നായകൻ സുനിൽ ഛേത്രി, ഇന്ത്യൻ വനിത ക്രിക്കറ്റ് താരം മിതാലി രാജ് എന്നിവർക്കും ഖേൽരത്‌ന അവാർഡ് നൽകപ്പെടും.