ജർമ്മൻ യുവതാരം കായ് ഹവേർട്സിനെ ഉടൻ ചെൽസി സ്വന്തമാക്കും. ഹവേർട്സിനെ സ്വന്തമാക്കാനായി ചെൽസി 100 മില്യൺ നൽകാൻ തയ്യാറായിരിക്കുക ആണ്. ബയേർ ലെവർകൂസണ് 80 മില്യണും ഒപ്പം 20 മില്യൺ ബോണസും ഉള്ള ഓഫറാണ് ചെൽസി ഇന്നലെ സമർപ്പിച്ചത്. ജർമ്മൻ ക്ലബ് ഈ ഓഫർ സ്വീകരിക്കും എന്ന് പ്രമുഖ ട്രാൻസ്ഫർ അനലിസ്റ്റ് ആയ ഫാബ്രിസിയോ റൊമാനോ അറിയിച്ചു.
ഹവേർട്സും ചെൽസിയുമായി നേരത്തെ തന്നെ കരാർ ധാരണയിൽ എത്തിയിരുന്നു. ട്രാൻസ്ഫർ തുകയിൽ കൂടെ ധാരണയായതോടെ ഒരു സൂപ്പർ സൈനിംഗ് കൂടെ ചെൽസി പൂർത്തിയാക്കും എന്ന് ഉറപ്പായി. ഇതിനകം തന്നെ സിയെചിനെയും വെർണറെയും സ്വന്തമാക്കിയ ചെൽസിയുടെ അറ്റാക്ക് യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച അറ്റാക്കായി ഇതോടെ മാറും.
തന്റെ ക്ലബായ ബയർ ലെവർകൂസണ് കഴിഞ്ഞ മാസം ഹവേർട്സ് ട്രാൻസ്ഫർ റിക്വസ്റ്റ് നൽകിയിരുന്നു. ടിമൊ വെർണറിന്റെ സാന്നിധ്യമാണ് ഹവേർട്സിനെ ചെൽസിയിലേക്ക് അടുപ്പിച്ചത്. 20കാരനായ താരം ബയേർ ലെവർകൂസന് വേണ്ടി കാഴ്ചവെച്ച മികച്ച പ്രകടനങ്ങൾ താരത്തിനെ യൂറോപ്യൻ വമ്പന്മാരുടെ ശ്രദ്ധയിൽ എത്തിച്ചിരുന്നു. ലെവർകൂസന്റെ അക്കാദമിയിലൂടെ തന്നെ വളർന്നു വന്ന താരമാണ് ഹവേർട്സ്. അറ്റാക്കിംഗ് മിഡ്ഫീൽഡറായും വിങ്ങറായും കളിക്കുന്ന താരം ഇതിനകം തന്നെ ജർമ്മൻ ദേശീയ ടീമിനായി കളിച്ചിട്ടുണ്ട്.