ഇന്ന് കണ്ടീരവ സ്റ്റേഡിയത്തിൽ മുംബൈയുടെ പൊരാട്ട വീര്യമാണ് കണ്ടത്. പത്തു പേരുമായി നാൽപ്പതു മിനുട്ടുകളോളം കളിച്ചിട്ടും 1-1 എന്ന സമനില നേടാൻ ഇന്ന് മുംബൈ സിറ്റിക്കായി. ശക്തമായ പോരാട്ടം തന്നെയാണ് ഇന്ന് ബെംഗളൂരുവിൽ കണ്ടത്. രണ്ടാം പകുതിയിൽ പിറന്ന ഷെഹ്നാജിന്റെ ചുവപ്പ് കാർഡ് ഇല്ലായിരുന്നു എങ്കിൽ ഈ സീസണിലെ ഏറ്റവും മികച്ച ഫുട്ബോൾ കണ്ട ഐ എസ് എൽ മത്സരമായി ഇത് മാറിയേനെ. കളിയുടെ തുടക്കം മുതൽ ഒപ്പത്തിനൊപ്പം അറ്റാക്ക് ചെയ്ത് ഇരുടീമുകളും കളിയിൽ മുന്നേറി. ഇരു ടീമുകൾക്കും നിരവധി അവസരങ്ങളും കിട്ടി.
ബെംഗളൂരുവിന്റെ ഉദാന്ത സിങാണ് കളിയിലെ ആദ്യ ഗോൾ നേടിയത്. രാഹുൽ ബെഹ്കെയുടെ ഒരു ക്രോസിൽ നിന്ന് ഒരു ഹെഡറിലൂടെ ആയിരുന്നു ഉദാന്തയുടെ ഗോൾ. ഇരുപത്തി മൂന്നാം മിനുട്ടിൽ പിറന്ന ഗോളിന് എട്ടു മിനുട്ടുകൾക്കകം മുംബൈ സിറ്റി മറുപടി കൊടുത്തു. ഇസോകോ – മോദു സോഗൗ കൂട്ടുകെട്ടിലായിരുന്നു മുംബൈയുടെ ഗോൾ. ഇസോകോയുടെ ഓഫ്സൈഡ് ട്രാപ് ഭേദിച്ചുള്ള ഒരു പാസ് സോഗൗ വലയിൽ എത്തിക്കുകയായിരുന്നു.
രണ്ടാം പകുതിയിൽ 51ആം മിനുട്ടിലാണ് മുംബൈക്ക് തിരിച്ചടിയായി ഷെഹ്നാജിന് ചുവപ്പ് കിട്ടിയത്. ചുവപ്പ് കിട്ടിയെങ്കിലും ഇടക്കിടെ ബെംഗളൂരു ഡിഫൻസിനെ പരീക്ഷിക്കാൻ മുംബൈക്ക് രണ്ടാം പകുതിയിലും ആയി. ഇരു ഗോൾകീപ്പർമാർക്കും ഇന്ന് നല്ല മത്സരമായിരുന്നു. മുംബൈ ഗോൾ കീപ്പർ അമ്രീന്ദർ സിംഗാണ് കൂടുതൽ മികച്ചു നിന്നത്. ഗോൾ എന്നുറച്ച നിരവധി അവസരങ്ങളിലാണ് അമ്രീന്ദർ മുംബൈയുടെ രക്ഷകനായി.
10 പേരുമായി കളിച്ച് സമനില നേടിയ മുംബൈ തന്നെ ആകും ഈ ഫലത്തിൽ കൂടുതൽ സന്തോഷിക്കുന്നത്. മുംബൈയുടെ അപരാജിത മത്സരങ്ങൾ ഇതോടെ ഏഴായി. ബെംഗളൂരു ലീഗിൽ ഇതുവരെ തോറ്റിട്ടില്ല. ലീഗിൽ ബെംഗളൂരു ഒന്നാമതും മുംബൈ സിറ്റി രണ്ടാമതുമാണ് ഉള്ളത്.