സ്പാനിഷ് ലാ ലീഗയിൽ പൊരുതി നേടിയ ജയവുമായി ബാഴ്‌സലോണ. 10 പേരായി കളിച്ച അവർ ഒരു ഗോളിന് പിറകിൽ നിന്ന ശേഷം തിരിച്ചു വന്നു ഒസാസുനയെ പരാജയപ്പെടുത്തി. മത്സരത്തിൽ ആറാം മിനിറ്റിൽ തന്നെ ബാഴ്‌സലോണ ഞെട്ടി. റൂബൻ ഗാർസിയയുടെ കോർണറിൽ നിന്നു ശക്തമായ ഒരു ഹെഡറിലൂടെ പ്രതിരോധതാരം ഡേവിഡ് ഗാർസിയ ഒസാസുനക്ക് മുൻതൂക്കം സമ്മാനിച്ചു. മത്സരത്തിൽ തിരിച്ചു വരാനുള്ള ബാഴ്‌സലോണ ശ്രമങ്ങൾക്ക് 31 മത്തെ മിനിറ്റിൽ വലിയ തിരിച്ചടിയേറ്റു. ഡേവിഡ് ഗാർസിയയെ ഫൗൾ ചെയ്തതിനു റോബർട്ട് ലെവൻഡോസ്കിക്ക് രണ്ടാം മഞ്ഞ കാർഡ് ലഭിച്ചപ്പോൾ ബാഴ്‌സ 10 പേരായി ചുരുങ്ങി.
ഇടവേളയിൽ ഇതിൽ പ്രതിഷേധിച്ച പകരക്കാരൻ ജെറാർഡ് പിക്വയും ചുവപ്പ് കാർഡ് കണ്ടു. രണ്ടാം പകുതിയിൽ 10 പേരുമായി മികച്ച പോരാട്ടം കാഴ്ച വക്കുന്ന സാവിയുടെ ടീമിനെ ആണ് കാണാൻ ആയത്. രണ്ടാം പകുതി തുടങ്ങി 3 മിനിറ്റിനുള്ളിൽ തന്നെ ബാഴ്‌സ മത്സരത്തിൽ ഒപ്പം എത്തി. ആൽബയുടെ ക്രോസ് ഒസാസുന പ്രതിരോധത്തിൽ തട്ടി തിരിച്ചു എത്തിയപ്പോൾ മികച്ച ഷോട്ടിലൂടെ 19 കാരൻ പെഡ്രി ബാഴ്‌സക്ക് സമനില സമ്മാനിച്ചു. 10 പേരായിട്ടും തുടർന്നും പന്ത് അധികസമയം കൈവശം വച്ച ബാഴ്‌സ അവസരങ്ങൾ സൃഷ്ടിച്ചു.
85 മത്തെ മിനിറ്റിൽ ഫ്രാങ്ക് ഡിയോങിന്റെ ഉഗ്രൻ ലോങ് ബോളിൽ ഒസാസുന പ്രതിരോധത്തിന്റെ ഓഫ് സൈഡ് ട്രാപ്പ് മറികടന്ന പകരക്കാരനായി ഇറങ്ങിയ റഫീനിയ ബുദ്ധിപൂർവ്വമായ ഒരു ഉഗ്രൻ ഹെഡറിലൂടെ ബാഴ്‌സക്ക് ജയം സമ്മാനിച്ചു. ബ്രസീൽ ലോകകപ്പ് ടീമിൽ ഇടം കിട്ടിയത് താരം മികച്ച ഗോളിലൂടെ തന്നെ ആഘോഷിച്ചു. തുടർന്ന് സമനില നേടാനുള്ള ഒസാസുന ശ്രമം തടഞ്ഞ ബാഴ്‌സലോണ വിലപ്പെട്ട 3 പോയിന്റുകൾ സ്വന്തം പേരിലാക്കി. ജയത്തോടെ രണ്ടാം സ്ഥാനത്തുള്ള റയൽ മാഡ്രിഡും ആയുള്ള പോയിന്റ് വ്യത്യാസം 5 ആയി കൂട്ടാൻ ബാഴ്‌സലോണക്ക് ആയി. അതേസമയം ആറാം സ്ഥാനത്തേക്ക് വീണു ഒസാസുന.