സലിബക്ക് ചുവപ്പ് കാർഡ്, സീസണിൽ ആദ്യമായി പരാജയപ്പെട്ടു ആഴ്‌സണൽ

Wasim Akram

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എ.എഫ്.സി ബോർൺമൗത്തിനോട് അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങി ആഴ്‌സണൽ. 10 പേരായി ചുരുങ്ങിയ ആഴ്‌സണൽ എതിരില്ലാത്ത 2 ഗോളുകൾക്ക് ആണ് പരാജയപ്പെട്ടത്. സീസണിൽ മിഖേൽ ആർട്ടെറ്റയുടെ ടീമിന്റെ ആദ്യ പരാജയം ആണ് ഇത്. പരിക്ക് കാരണം ബുകയോ സാക ഇല്ലാതെ ഇറങ്ങിയ ആഴ്‌സണലിന് 30 മത്തെ മിനിറ്റിൽ വില്യം സലിബയെ നഷ്ടപ്പെട്ടു. എവാനിലസിനെ ഫൗൾ ചെയ്തതിനു റഫറി ആദ്യം മഞ്ഞ കാർഡ് നൽകിയെങ്കിലും വാർ പരിശോധനക്ക് ശേഷം അത് ചുവപ്പ് കാർഡ് ആവുക ആയിരുന്നു. ഗോൾ അവസരം തടഞ്ഞതിനു ആയിരുന്നു ചുവപ്പ്.

ആഴ്‌സണൽ

തുടർന്ന് പരമാവധി പിടിച്ചു നിൽക്കാൻ ആഴ്‌സണലിന് ആയെങ്കിലും രണ്ടാം പകുതിയിൽ സ്വന്തം മൈതാനത്ത് ബോർൺമൗത് ഗോളുകൾ കണ്ടെത്തുക ആയിരുന്നു. മാർട്ടിനെല്ലിക്ക് ലഭിച്ച അവസരം താരത്തിന് മുതലാക്കാൻ ആവാത്തതിനു പിന്നാലെ 70 മത്തെ മിനിറ്റിൽ ബുദ്ധിപരമായ കോർണറിൽ നിന്നു ജസ്റ്റിൻ ക്ലവെർട്ടിന്റെ പാസിൽ നിന്നു റയാൻ ക്രിസ്റ്റി ആണ് ആഴ്‌സണൽ വല ആദ്യം കുലുക്കിയത്. തുടർന്ന് 79 മത്തെ മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ കിവിയോറിന്റെ പിഴവിൽ നിന്നു റയ പെനാൽട്ടി വഴങ്ങിയപ്പോൾ അത് ലക്ഷ്യം കണ്ട ജസ്റ്റിൻ ക്ലവെർട്ട് ആഴ്‌സണൽ പരാജയം ഉറപ്പിച്ചു. നിലവിൽ ലീഗിൽ മൂന്നാമത് ആണ് ആഴ്‌സണൽ.