തങ്ങളുടെ പ്രതാപകാലത്തിനു ശേഷം 2015ല്‍ ലോകകപ്പ് നേടിയെങ്കിലും ഓസ്ട്രേലിയയ്ക്ക് അതിനു ശേഷം മോശം സമയമായിരുന്നു. പ്രത്യേകിച്ച് കഴിഞ്ഞ ഒരു വര്‍ഷക്കാലം ടീം പല വിവാദങ്ങളിലും തോല്‍വികളിലും ഉള്‍പ്പെട്ട് ആകെ തകര്‍ന്ന് നില്‍ക്കുന്ന അവസ്ഥയിലൂടെയാണ് കടന്ന് പോയത്. പന്ത് ചുരണ്ടല്‍ വിവാദത്തിനെത്തുടര്‍ന്ന് സ്മിത്തും വാര്‍ണറും വിലക്ക് നേരിട്ട ശേഷം ടെസ്റ്റിലും ഏകദിനത്തിലും ഓസ്ട്രേലിയയ്ക്ക് കഷ്ടകാലമായിരുന്നു.
എന്നാല്‍ ഇന്ന് ലോകകപ്പില്‍ ഓസ്ട്രേലിയയുടെ വിന്‍ഡീസിനെതിരെയുള്ള ജയം ടീമിന്റെ തുടര്‍ച്ചയായ പത്താം ജയമായിരുന്നു. 2010നു ശേഷം ഇതാദ്യമായാണ് ടീമിനു ഇത്രയും വിജയം അടുപ്പിച്ച് നേടാനാകുന്നത്. ഇന്ത്യയ്ക്കെതിരെ ഏകദിന പരമ്പര 2-0നു പിന്നില്‍ പോയ ശേഷം തിരിച്ചുവരവ് നടത്തിയ ഓസ്ട്രേലിയ പിന്നീടിങ്ങോട്ട് തുടരെ ജയങ്ങളുമായി മുന്നേറുകയാണ്.
ലോകകപ്പിലെ തന്നെ ആദ്യ രണ്ട് മത്സരങ്ങളും ടീം ജയിക്കുകയുണ്ടായി. അതേ സമയം ഇന്നത്തെ മത്സരത്തില്‍ തകര്‍ച്ച നേരിട്ട ശേഷം ബാറ്റിംഗില്‍ സ്മിത്തും കോള്‍ട്ടര്‍-നൈലും ബൗളിംഗില്‍ മിച്ചല്‍ സ്റ്റാര്‍ക്കുമാണ് ടീമിനെ കരപിടിച്ചു കയറ്റിയത്. വിന്‍ഡീസ് മത്സരം പിടിച്ചടക്കുമെന്ന് കരുതിയ നിമിഷത്തിലാണ് തന്റെ രണ്ടോവറില്‍ നാല് വിക്കറ്റുകളുമായി കളി ഓസ്ട്രേലിയന്‍ പക്ഷത്തേക്ക് സ്റ്റാര്‍ക്ക് മാറ്റി മറിച്ചത്.