ലോകമെമ്പാടുമുള്ള ടെന്നീസ് ആരാധകർക്ക് വീണ്ടും കടുത്ത നിരാശ വാർത്ത. ഫെബ്രുവരിയിൽ മുട്ടിനു ശസ്ത്രക്രിയക്ക് വിധേയമായ ശേഷം തിരിച്ചു വന്ന തനിക്ക് വീണ്ടും മുട്ടിനു ശസ്ത്രക്രിയ ആവശ്യമാണെന്ന് വ്യക്തമാക്കി റോജർ ഫെഡറർ. വിംബിൾഡണിൽ കളിച്ച തനിക്ക് ഗ്രാസ് സീസണിൽ പരിക്ക് പറ്റിയത് ആയി അറിയിച്ച ഫെഡറർ ഡോക്ടർമാർ പറയുന്ന പോലെ ശസ്ത്രക്രിയക്ക് വിധേയമാവാൻ താൻ തയ്യാറാവുക ആണെന്ന് സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചു.
ഇതോടെ ശസ്ത്രക്രിയക്ക് ശേഷം താൻ മാസങ്ങളോളം ടെന്നീസ് കളത്തിനു പുറത്ത് ആയിരിക്കും എന്നും ഫെഡറർ പറഞ്ഞു. ഇതോടെ ഫെഡറർ യു.എസ് ഓപ്പണിൽ കളിക്കില്ല എന്നുറപ്പായി. അടുത്ത സീസണിൽ ഓസ്‌ട്രേലിയൻ ഓപ്പൺ കളിക്കാൻ ഫെഡറർക്ക് ആവുമോ എന്നും വ്യക്തമല്ല. ശസ്ത്രക്രിയക്ക് വിധേയമായ ശേഷം മികച്ച ശാരീരിക ക്ഷമത കൈവരിച്ച ശേഷം തിരിച്ചു വരികയാണ് തന്റെ ഉദ്ദേശം എന്നും ഫെഡറർ വ്യക്തമാക്കി. എന്നാൽ 40 കാരനായ ഫെഡറർക്ക് ഇനിയും ടെന്നീസ് കളത്തിൽ പരിക്കിന് ശേഷം ഒരു ബാല്യം കൂടി അവശേഷിക്കുന്നുണ്ടോ എന്നത് തന്നെയാണ് ലോകം എമ്പാടുമുള്ള ടെന്നീസ് ആരാധകരുടെ ആശങ്ക.