ബൗളിംഗിലും കസറി ജോഫ്ര, പ്ലേ ഓഫ് ഉറപ്പിച്ച് രാജസ്ഥാൻ

ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെയുള്ള 30 റൺസ് വിജയത്തോടെ പ്ലേ ഓഫ് ഉറപ്പിച്ച് രാജസ്ഥാന്‍ റോയൽസ്. ഇന്ന് ആദ്യം ബാറ്റ് ചെയ്ത് 205/8 എന്ന സ്കോര്‍ നേടിയ രാജസ്ഥാന്‍ മികച്ച ബൗളിംഗാണ് പുറത്തെടുത്തതെങ്കിലും സൂര്യകുമാര്‍ യാദവിനൊപ്പം വിൽ ജാക്സും ഹാര്‍ദ്ദിക് പാണ്ഡ്യയും മുംബൈയ്ക്ക് പ്രതീക്ഷ നൽകിയെങ്കിലും അവസാന ഓവറുകളിൽ വീണ്ടും ബൗളിംഗ് മികവുമായി രാജസ്ഥാന്‍ രംഗത്തെത്തിയപ്പോള്‍ മുംബൈ 175/9 എന്ന സ്കോര്‍ മാത്രമമാണ് നേടിയത്.

പവര്‍പ്ലേയ്ക്കുള്ളിൽ തന്നെ മൂന്ന് വിക്കറ്റ് നഷ്ടമായ മുംബൈ 24/3 എന്ന നിലയിൽ പ്രതിരോധത്തിലായെങ്കിലും സൂര്യകുമാര്‍ യാദവ് മികച്ച രീതിയിൽ ബാറ്റ് വീശി ടീമിനെ മുന്നോട്ട് നയിച്ചു. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 4 വിക്കറ്റ് നഷ്ടത്തിൽ 49 റൺസാണ് മുംബൈ നേടിയത്.
അഞ്ചാം വിക്കറ്റിൽ സൂര്യകുമാര്‍ യാദവിന് കൂട്ടായി എത്തിയ വിൽ ജാക്സും മികച്ച രീതിയിൽ ബാറ്റ് വീശിയപ്പോള്‍ പത്തോവര്‍ പിന്നിടുമ്പോള്‍ മുംബൈ 90 റൺസാണ് നേടിയത്. 18 പന്തിൽ 33 റൺസ് നേടിയ വിൽ ജാക്സിനെ യഷ് രാജ് പുഞ്ച പുറത്താക്കിയപ്പോള്‍ മുംബൈ 101 റൺസാണ് നേടിയത്. അഞ്ചാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് 38 പന്തിൽ 63 റൺസ് നേടി.

സൂര്യകുമാര്‍ യാദവും ഹാര്‍ദ്ദിക് പാണ്ഡ്യയും ആറാം വിക്കറ്റിൽ മികച്ച രീതിയിൽ റൺ റേറ്റ് ഉയര്‍ത്തിയപ്പോള്‍ അവസാന അഞ്ചോവറിൽ 59 റൺസായിരുന്നു മുംബൈ നേടേണ്ടിയിരുന്നത്. ജോഫ്ര ആര്‍ച്ചര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെ പുറത്താക്കിയപ്പോള്‍ 25 പന്തിൽ 48 റൺസ് നേടിയ മുംബൈയുടെ ആറാം വിക്കറ്റ് കൂട്ടുകെട്ട് തകര്‍ക്കാന്‍ രാജസ്ഥാന് സാധിച്ചു. 15 പന്തിൽ 34 റൺസാണ് ഹാര്‍ദ്ദിക് നേടിയത്.
തൊട്ടടുത്ത ഓവറിൽ കോര്‍ബിന്‍ ബാഷിനെ പുറത്താക്കി യഷ് രാജ് തന്റെ രണ്ടാം വിക്കറ്റ് നേടിയപ്പോള്‍ മുംബൈയ്ക്ക് തങ്ങളുടെ ഏഴാം വിക്കറ്റ് നഷ്ടമായി. എന്നാൽ സൂര്യകുമാര്‍ യാദവ് ക്രീസിലുണ്ടായിരുന്നത് മുംബൈയ്ക്ക് ആശ്വാസമായി മാറി.
മത്സരം അവസാന മൂന്നോവറിലേക്ക് കടന്നപ്പോള്‍ 51 റൺസായിരുന്നു മുംബൈ നേടേണ്ടിയിരുന്നത്. നാന്‍ഡ്രേ ബര്‍ഗര്‍ എറിഞ്ഞ 18ാം ഓവറിൽ 42 പന്തിൽ 60 റൺസ് നേടിയ സൂര്യകുമാര്‍ യാദവ് പുറത്തായതോടെ രാജസ്ഥാന്റെ പ്ലേ ഓഫ് സാധ്യതകള്‍ വര്‍ദ്ധിച്ചു.
ദീപക് ചഹാര്‍ ഓവറില്‍ നിന്ന് ഒരു സിക്സ് നേടിയപ്പോള്‍ മുംബൈയ്ക്ക് അവസാന രണ്ടോവറിൽ 40 റൺസായിരുന്നു നേടേണ്ടിയിരുന്നത്. ബ്രിജേഷ് ശര്‍മ്മ ദീപക് ചഹാറിനെ പുറത്താക്കിയപ്പോള്‍ 19ാം ഓവറിൽ നിന്ന് 3 റൺസ് മാത്രമാണ് രാജസ്ഥാന്‍ വിട്ട് നൽകിയത്. അവസാന ഓവറിൽ ദസുന്‍ ഷനക 6 റൺസ് മാത്രം വിട്ട് നൽകിയപ്പോള്‍ 30 റൺസ് വിജയത്തോടെ രാജസ്ഥാന്‍ പ്ലേ ഓഫ് ഉറപ്പാക്കി.