ചാമ്പ്യന്‍സ് ട്രോഫിയിലെ തീപാറും പോരാട്ടത്തിൽ ആദ്യം ബാറ്റ് ചെയ്യുവാന്‍ തീരുമാനിച്ച പാക്കിസ്ഥാനെ 241 റൺസിലൊതുക്കി ഇന്ത്യ. ഒരു ഘട്ടത്തിൽ 151/2 എന്ന നിലയിൽ പാക്കിസ്ഥാന് മികച്ച സ്കോറിലേക്ക് എത്തുമെന്ന് തോന്നിയെങ്കിലും ഇന്ത്യന്‍ ബൗളര്‍മാര്‍ മത്സരത്തിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയപ്പോള്‍ 49.4 ഓവറിൽ പാക്കിസ്ഥാന് ഓള്‍ഔട്ട് ആയി.
41 റൺസ് ഒന്നാം വിക്കറ്റിൽ നേടിയെങ്കിലും അടുത്തടുത്ത ഓവറുകളിൽ ബാബര്‍ അസമും ഇമാം ഉള് ഹക്കും പുറത്താകുകയായിരുന്നു.
47/2 എന്ന നിലയിൽ നിന്ന പാക്കിസ്ഥാനെ സൗദ് ഷക്കീലും മൊഹമ്മദ് റിസ്വാനും ചേര്‍ന്ന് പിന്നീട് നയിക്കുകയായിരുന്നു. 100 റൺസ് കൂട്ടുകെട്ട് പൂര്‍ത്തിയാക്കിയ ഉടനെ മൊഹമ്മദ് റിസ്വാന് ഒരു അവസരം നൽകിയെങ്കിലും ഹര്‍ഷിത് റാണ അത് കൈവിട്ടു.
എന്നാൽ തൊട്ടടുത്ത ഓവറിൽ 46 റൺസ് നേടിയ റിസ്വാനെ അക്സര്‍ ബൗള്‍ഡാക്കി ഈ കൂട്ടുകെട്ട് തകര്‍ത്തു. റിസ്വാന് പുറത്താകുമ്പോള്‍ പാക്കിസ്ഥാന് 151/3 എന്ന നിലയിലായിരുന്നു.
അതേ ഓവറിൽ സൗദ് ഷക്കീലിന്റെ ക്യാച്ച് കുൽദീപ് സിംഗ് കൈവിട്ടുവെങ്കിലും തൊട്ടടുത്ത ഓവറിൽ ഷക്കീലിനെ ഹാര്‍ദ്ദിക് പാണ്ഡ്യ പുറത്താക്കി. അധികം വൈകാതെ തയ്യബ് താഹിറിനെ ജഡേജ പുറത്താക്കിയപ്പോള്‍ പാക്കിസ്ഥാന്റെ അഞ്ചാം വിക്കറ്റ് വീണു.
അവസാന ഓവറുകളിൽ നിര്‍ണ്ണായക പ്രഹരങ്ങള്‍ ഏല്പിച്ച് ഖുഷ്ദിൽ ഷാ ആണ് പാക്കിസ്ഥാന്റെ സ്കോര്‍ 241 റൺസിലേക്ക് എത്തിച്ചത്. ഖുഷ്ദിൽ ഷാ 38 റൺസ് നേടി അവസാന വിക്കറ്റായി മടങ്ങി. ഇന്ത്യയ്ക്കായി കുൽദീപ് യാദവ് മൂന്നും ഹാര്‍ദ്ദിക് പാണ്ഡ്യ 2 വിക്കറ്റും നേടി.