ദക്ഷിണ കൊറിയയെ 8-0 ന് തകർത്ത് തരിപ്പണമാക്കി ഇന്ത്യ; ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിൽ ഒന്നാം സ്ഥാനക്കാരായി സെമിയിൽ
![Resizedimage 2026 11 03 08 11 20 1040[1]](https://fanport.in/wp-content/uploads/2026/11/ResizedImage_2026-11-03_08-11-20_10401.avif)
ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ ദക്ഷിണ കൊറിയയ്ക്കെതിരെ ഗോൾമഴ പെയ്യിച്ച് അപരാജിത കുതിപ്പ് തുടർന്ന് ഇന്ത്യൻ പുരുഷ ടീം. അവസാന ലീഗ് മത്സരത്തിൽ എതിരില്ലാത്ത 8 ഗോളുകൾക്കാണ് നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ദക്ഷിണ കൊറിയയെ തകർത്തുവിട്ടത്.
ആക്രമിച്ചു കളിച്ച ഇന്ത്യക്കായി ദിൽപ്രീത് സിംഗ് ഇരട്ട ഗോളുകളുമായി തിളങ്ങി. നായകൻ ഹർമൻപ്രീത് സിംഗ്, ജുഗ്രാജ് സിംഗ്, ഷീലാനന്ദ് ലക്ര, സുഖ്ജീത് സിംഗ്, സഞ്ജയ്, നവാഗതൻ അംഗദ് ബിർ സിംഗ് എന്നിവരാണ് മറ്റ് ഗോളുകൾ നേടിയത്.
മത്സരത്തിന്റെ അവസാന മിനിറ്റിൽ ലഭിച്ച അവസരം മുതലാക്കിയാണ് അംഗദ് ബിർ തങ്ങളുടെ അരങ്ങേറ്റ ടൂർണമെന്റിലെ ആദ്യ ഗോൾ തികച്ചത്.
ലീഗ് ഘട്ടത്തിലെ 5 മത്സരങ്ങളും വിജയിച്ച് 15 പോയിന്റുകളോടെ പട്ടികയിൽ ഒന്നാമതെത്തിയാണ് ഇന്ത്യ സെമിഫൈനലിലേക്ക് യോഗ്യത നേടിയത്. ബുധനാഴ്ച നടക്കുന്ന സെമിഫൈനൽ പോരാട്ടത്തിൽ നാലാം സ്ഥാനക്കാരായ ദക്ഷിണ കൊറിയയെ തന്നെയാകും ഇന്ത്യ വീണ്ടും നേരിടുക.