തിരുമ്പി വന്തിട്ടേൻ!! പ്രീമിയർ ലീഗിലേക്കുള്ള തിരിച്ചുവരവ് അറിയിച്ച് കൗട്ടീനോ, മാഞ്ചസ്റ്റർ യുണൈറ്റഡിന് എതിരെ വില്ലയുടെ തിരിച്ചുവരവ്

Newsroom

20220116 005052
Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് തിരികെയെത്തിയ ഫിലിപ്പെ കൗട്ടീനോയുടെ മികവിൽ ആസ്റ്റൺ വില്ലയുടെ മാരക തിരിച്ചുവരവ്. മാഞ്ചസ്റ്റർ യുണൈറ്റഡിന് എതിരെ രണ്ടു ഗോളുകൾക്ക് പിറകിൽ നിന്ന ശേഷമാണ് ആസ്റ്റൺ വില്ല തിരിച്ചടിച്ച് 2-2ന്റെ സമനില നേടിയത്. കൗട്ടീനോ സബ്ബായി വന്ന ശേഷമാണ് വില്ല രണ്ട് ഗോളുകളും നേടിയത്. ആദ്യ ഗോൾ ഒരുക്കുന്നതിൽ വലിയ പങ്കുവഹിച്ച കൗട്ടീനോ രണ്ടാം ഗോൾ നേടുകയും ചെയ്തു.

ഇന്ന് എഫ് എ കപ്പിൽ കണ്ടതിനേക്കാൾ ഏറെ മെച്ചപ്പെട്ട മാഞ്ചസ്റ്റർ യുണൈറ്റഡിനെ ആണ് തുടക്കത്തിൽ കാണാൻ ആയത്. റൊണാൾഡോയും റാഷ്ഫോർഡും ഇല്ലാതെ ഇറങ്ങിയ യുണൈറ്റഡ് ആറാം മിനുട്ടിൽ തന്നെ ഇന്ന് ലീഡ് എടുത്തു. ആസ്റ്റൺ വില്ല ഗോൾ കീപ്പർ മാർട്ടിനെസിന്റെ വലിയ പിഴവിൽ നിന്നായിരുന്നു ഗോൾ. ബ്രൂണോ ഫെർണാണ്ടസിന്റെ പെനാൾട്ടി ബോക്സിന് പുറത്ത് നിന്നുള്ള ഷോട്ട് എളുപ്പത്തിൽ മാർട്ടിനെസിന് തടയാമെങ്കിലും താരത്തിന് പിഴച്ചു. യുണൈറ്റഡ് ലീഡും എടുത്തു.

ഇതിനു ശേഷം രണ്ട് ടീമുകളും തീർത്തും ആക്രമിച്ചു കളിക്കുന്നതാണ് കണ്ടത്. രണ്ട് ഗോൾ കീപ്പർമാരും നിരവധി സേവുകളും നടത്തേണ്ടി വന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിനായി യുവതാരങ്ങളായ ഗ്രീൻവുഡും എലാംഗയും ഗംഭീരമായി കളിക്കുകയും മാർട്ടിനസിനെ പരീക്ഷിക്കുകയും ചെയ്തു. മറുവശത്ത് ഡിഹിയ തന്റെ ഈ സീസണിലെ നല്ല ഫോമും തുടർന്നു.

67ആം മിനുട്ടിൽ ഒരു ബ്രേക്ക് വഴി പന്ത് കൈക്കലാക്കിയ ഫ്രെഡ് പന്ത് ബ്രൂണോ ഫെർണാണ്ടസിന് കൈമാറി. ഒരു ടച്ചിൽ പന്ത് വരുതിയിലാക്കി രണ്ടാമത്തെ ടച്ചിൽ ഒരു പവർഫുൾ സ്ട്രൈക്കിൽ ബ്രൂണോ പന്ത് വലയിൽ എത്തിച്ചു. യുണൈറ്റഡ് 2-0ന് മുന്നിൽ.

ഇതിനു ശേഷം ആസ്റ്റൺ വില്ല അവരുടെ പുതിയ സൈനിങ് ആയ കൗട്ടീനോയെ രംഗത്ത് ഇറക്കി. 76ആം മിനുട്ടിൽ കൗട്ടീനോ നൽകിയ പാസിൽ നിന്ന് റാംസി ഗോൾ നേടിയതോടെ ആസ്റ്റൺ വില്ല കളിയിലേക്ക് തിരികെ വന്നു. സ്കോർ 1-2. 81ആം മിനുട്ടിൽ കൗട്ടീനോ വല കണ്ടെത്തി. സ്കോർ 2-2.

ഈ സമനില യുണൈറ്റഡിന്റെ ടോപ് 4 പ്രതീക്ഷകൾക്ക് തിരിച്ചടി ആണ്. 20 മത്സരങ്ങളിൽ 32 പോയിന്റുമായി യുണൈറ്റഡ് ഇപ്പോൾ ഏഴാം സ്ഥാനത്താണ്. ആസ്റ്റൺ വില്ല 23 പോയിന്റുമായി 13ആം സ്ഥാനത്തും നിൽക്കുന്നു.