നെതര്‍ലാണ്ട്സിനെതിരെ സൂപ്പര്‍ ഓവറില്‍ വിജയം കുറിച്ച് സിംബാബ്‍വേ. ഇന്നലെ നടന്ന രണ്ടാം ടി20 മത്സരത്തില്‍ 153 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ സിംബാബ്‍വേയ്ക്ക് 20 ഓവറില്‍ നിന്ന് 152 റണ്‍സ് മാത്രമേ നേടാനായിരുന്നുള്ളു. നെതര്‍ലാണ്ട്സ് 8 വിക്കറ്റ് നഷ്ടത്തില്‍ ആണ് 20 ഓവറില്‍ നിന്ന് 152 റണ്‍സ് നേടിയത്. മാക്സ് ഒദൗവ് 56 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ 29 റണ്‍സുമായി പീറ്റര്‍ സീലാര്‍ ആണ് രണ്ടാമത്തെ ടോപ് സ്കോറര്‍. ഷോണ്‍ വില്യംസും ക്രിസ് പോഫുവും സിംബാബ്‍വേയ്ക്ക് വേണ്ടി രണ്ട് വീതം വിക്കറ്റുമായി തിളങ്ങി.
മറുപടി ബാറ്റിംഗിനിറങ്ങിയ സിംബാബ്‍വേ 97/6 എന്ന നിലയില്‍ തകരുകയായിരുന്നു. ടോപ് ഓര്‍ഡറില്‍ 40 റണ്‍സുമായി ബ്രണ്ടന്‍ ടെയിലര്‍ ഒഴികെ ആരും തന്നെ മികവ് പുലര്‍ത്തിയിരുന്നില്ല. പിന്നീട് ഏഴാം വിക്കറ്റില്‍ എല്‍ട്ടണ്‍ ചിഗുംബര-റയാന്‍ ബര്‍ള്‍ കൂട്ടുകെട്ടാണ് 33 റണ്‍സ് കൂട്ടകെട്ടുമായി സിംബാബ്‍വേയുടെ തിരിച്ചുവരവ് സാധ്യമാക്കിയത്. ബര്‍ള്‍ 23 റണ്‍സ് നേടി പുറത്തായപ്പോള്‍ ബാറ്റിംഗ് തുടര്‍ന്ന് എല്‍ട്ടണ്‍ ചിഗുംബര(29) മൂന്ന് പന്ത് അവശേഷിക്കെ സ്കോറുകള്‍ ഒപ്പമെത്തിച്ചു.
3 വിക്കറ്റ് അവശേഷിക്കെ മൂന്ന് പന്തില്‍ ഒരു റണ്‍സ് ആവശ്യമുള്ളപ്പോള്‍ സിംബാബ്‍വേ വിജയം പ്രതീക്ഷിച്ചുവെങ്കിലും റോലോഫ് വാന്‍ ഡെര്‍ മെര്‍വ്വിന്റെ ബൗളിംഗില്‍ തുടരെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി സിംബാബ്‍വേ ജയം കൈവിടുകയായിരുന്നു. വാന്‍ ഡെര്‍ മെര്‍വ് മത്സരത്തില്‍ നിന്ന് നാല് വിക്കറ്റും പോള്‍ വാന്‍ മീകേരെന്‍ 3 വിക്കറ്റും നേടുകയായിരുന്നു.
സൂപ്പര്‍ ഓവറില്‍ സിംബാബ്‍വേ 18 റണ്‍സ് നേടിയപ്പോള്‍ നെതര്‍ലാണ്ട്സിനെ 9 റണ്‍സില്‍ ചുരുക്കി സിംബാബ്‍വേ അര്‍ഹമായ വിജയം പിടിച്ചെടുക്കുകയായിരുന്നു. ഏകദിന പരമ്പര 2-0ന് നഷ്ടമായ സിംബാബ്‍വേ ആദ്യ ടി20യിലും പരാജയമേറ്റ് വാങ്ങിയിരുന്നു.