ഇന്ത്യയെ കറക്കിയെറിഞ്ഞ് ആഡം സംപ, ഏകദിന പരമ്പര കൈവിട്ടു

Sports Correspondent

Adamzampa

ആഡം സംപയുടെ നാല് വിക്കറ്റ് നേടത്തിൽ ഇന്ത്യയ്ക്ക് ഏകദിന പരമ്പര നഷ്ടം. 270 റൺസെന്ന ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യന്‍ ടോപ് ഓര്‍ഡര്‍ വിക്കറ്റുകള്‍ വലിച്ചെറിഞ്ഞപ്പോള്‍ ടീം  49.1 ഓവറിൽ  248 റൺസാണ് നേടിയത്. 21 റൺസ് വിജയത്തോടെ ഓസ്ട്രേലിയ ഏകദിന പരമ്പര 2-1ന് സ്വന്തമാക്കി.

രോഹിത് ശര്‍മ്മയും ശുഭ്മന്‍ ഗില്ലും ചേര്‍ന്ന് ഒന്നാം വിക്കറ്റിൽ 65 റൺസാണ് നേടിയത്. ഷോൺ അബോട്ട് 17 പന്തിൽ 30 റൺസ് നേടിയ രോഹിത്തിനെ പുറത്താക്കി അധികം വൈകാതെ സംപ 37 റൺസ് നേടിയ ശുഭ്മന്‍ ഗില്ലിനെ പുറത്താക്കി.

പിന്നീട് വിരാട് കോഹ്‍ലി – കെഎൽ രാഹുല്‍ കൂട്ടുകെട്ട് 69 റൺസ് മൂന്നാം വിക്കറ്റിൽ കൂട്ടിചേര്‍ത്തപ്പോള്‍ ആഡം സംപ രാഹുലിനെ വീഴ്ത്തി. 32 റൺസായിരുന്നു രാഹുലിന്റെ സംഭാവന. തൊട്ടടുത്ത ഓവറിൽ അക്സര്‍ പട്ടേൽ റണ്ണൗട്ടായപ്പോള്‍ ഇന്ത്യ 151/4 എന്ന സ്ഥിതിയിലായി.

ഹാര്‍ദ്ദിക് – കോഹ്‍ലി കൂട്ടുകെട്ട് 34 റൺസ് അഞ്ചാം വിക്കറ്റിൽ നേടിയപ്പോള്‍ ആഷ്ടൺ അഗര്‍ 54 റൺസ് നേടിയ കോഹ്‍ലിയെ വാര്‍ണറുടെ കൈയിലെത്തിച്ച് ഇന്ത്യയ്ക്ക് അഞ്ചാം പ്രഹരം ഏല്പിച്ചു. തൊട്ടടുത്ത പന്തിൽ അഗര്‍ സൂര്യകുമാര്‍ യാദവിനെ പുറത്താക്കിയപ്പോള്‍ താരം മൂന്നാമതും ഗോള്‍ഡന്‍ ഡക്ക് ആകുകയായിരുന്നു.

Ashtonagaraustralia

പിന്നീട് ഹാര്‍ദ്ദികും രവീന്ദ്ര ജഡേജയും കൂടി ചേര്‍ന്ന് 33 റൺസ് ഏഴാം വിക്കറ്റിൽ നേടിയെങ്കിലും 40 റൺസ് നേടിയ ഹാര്‍ദ്ദികിനെ സംപ പുറത്താക്കിയതോടെ ഇന്ത്യയുടെ കാര്യം പ്രയാസമായി മാറി. 18 റൺസ് നേടിയ ജഡേജയെയും സംപ പുറത്താക്കിയപ്പോള്‍ പിന്നീട് അധിക നേരം ഇന്ത്യയ്ക്ക് പിടിച്ച് നിൽക്കാനായില്ല.

Australia

ഷമി മാര്‍ക്കസ് സ്റ്റോയിനിസിനെ ഒരു സിക്സും ഫോറും പായിച്ചെങ്കിലും തൊട്ടടുത്ത പന്തിൽ സ്റ്റോയിനിസ് താരത്തെ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. ഇതോടെ 12 പന്തിൽ നിന്ന് ഇന്ത്യ 25 റൺസ് ജയത്തിനായി നേടണമെന്ന നിലയിലായി കാര്യങ്ങള്‍.

ഓസ്ട്രേലിയ ആദ്യം ബാറ്റ് ചെയ്ത് 269 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. മിച്ചൽ മാര്‍ഷ് 47 റൺസും അലക്സ് കാറെ 38 റൺസും നേടിയപ്പോള്‍ ട്രാവിസ് ഹെഡ് 33 റൺസ് നേടി. ഡേവിഡ് വാര്‍ണര്‍(23), ലാബൂഷാനെ(28), മാര്‍ക്കസ് സ്റ്റോയിനിസ്(25), ഷോൺ അബോട്ട്(26) എന്നിവര്‍ക്ക് ലഭിച്ച തുടക്കം വലിയ സ്കോറാക്കി മാറ്റാനാകാതെ പോയതും ഓസ്ട്രേലിയയ്ക്ക് തിരിച്ചടിയായി.

ഇന്ത്യയ്ക്ക് വേണ്ടി ഹാര്‍ദ്ദിക് പാണ്ഡ്യയും കുൽദീപ് യാദവും മൂന്ന് വീതം വിക്കറ്റും മൊഹമ്മദ് സിറാജ്, അക്സര്‍ പട്ടേൽ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.