ഭാവിയിൽ പരിശീലകനായേക്കുമെന്ന സൂചന നൽകി മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ്. ക്രിക്കറ്റ് കമെന്ററിയിലേക്ക് തിരിയാൻ തനിക്ക് താല്പര്യം ഇല്ലെന്നും തന്റെ അറിവ് മറ്റുള്ളവരിലേക്ക് എത്തിക്കാനാണ് താൽപര്യമെന്നും മുൻ ഇന്ത്യൻ താരം പറഞ്ഞു. മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ കെവിൻ പീറ്റേഴ്സണുമായുള്ള ഇൻസ്റ്റാഗ്രാം ലൈവിലാണ് യുവരാജ് സിംഗ് മനസ്സ് തുറന്നത്.
“താൻ ഒരുപക്ഷെ പരിശീലക ജോലിയിലേക്ക് തിരിഞ്ഞേക്കും. കമന്ററി ചെയ്യുന്നതിനേക്കാൾ എനിക്ക് പരിശീലകനാവാനാണ് കൂടുതൽ താൽപര്യം. നിശ്ചിത ഓവർ ക്രിക്കറ്റിനെ കുറിച്ച് എനിക്ക് നല്ല അറിവ് ഉണ്ട്, ഒപ്പം 4, 5, 6 സ്ഥാനങ്ങളിൽ ബാറ്റ് ചെയ്യാൻ വരുന്ന താരങ്ങൾക്ക് തന്റെ അറിവ് പകർന്ന് നൽകാൻ തനിക്ക് കഴിയും. ആദ്യം താൻ ഒരു ഉപദേഷ്ട്ടാവായി ജീവിതം ആരംഭിക്കും. അത് മികച്ച രീതിയിൽ പോയാൽ മുഴുവൻ സമയം പരിശീലകനായി മാറും” യുവരാജ് സിംഗ് പറഞ്ഞു.
കഴിഞ്ഞ വർഷം ജൂണിൽ ഇന്ത്യൻ ക്രിക്കറ്റിൽ നിന്ന് യുവരാജ് സിംഗ് വിരമിച്ചെങ്കിലും പ്രഫഷണൽ ക്രിക്കറ്റിൽ നിന്ന് യുവരാജ് സിംഗ് ഇതുവരെ വിരമിച്ചിട്ടില്ല. ഇതുവരെ യുവരാജ് സിംഗ് ഇന്ത്യൻ പ്രീമിയർ ലീഗിൽ ഒരു ടീമിന്റെ കൂടെയും ഉപദേശകനായി പ്രവർത്തിച്ചിട്ടില്ല.