മുൻ ഇന്ത്യൻ ക്യാപ്റ്റനായിരുന്ന സൗരവ് ഗാംഗുലിയാണ് തന്റെ ക്യാപ്റ്റന്മാരിൽ ഏറ്റവും ഇഷ്ട്ടപെട്ട ക്യാപ്റ്റൻ എന്ന് കഴിഞ്ഞ ദിവസം സജീവ ക്രിക്കറ്റിൽ നിന്ന് വിരമിച്ച യുവരാജ് സിങ്. പരിശീലകരിൽ ഇന്ത്യയെ ലോകകപ്പ് വിജയത്തിലേക്ക് എത്തിച്ച ഗാരി കിർസ്റ്റൻ ആണ് മികച്ച പരിശീലകൻ എന്നും യുവരാജ് പറഞ്ഞു.
2000ൽ സൗരവ് ഗാംഗുലി ക്യാപ്റ്റനായിരിക്കുന്ന സമയത്താണ് യുവരാജ് സിങ് ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റം നടത്തിയത്. തന്റെ ആദ്യ കാലത്ത് സൗരവ് ഗാംഗുലി തന്നെ ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും യുവരാജ് പറഞ്ഞു. താൻ യുവ താരമായി ടീമിലെത്തിയ സമയത്ത് ഗാംഗുലി തന്നിൽ അർപ്പിച്ച വിശ്വാസത്തെ കുറിച്ചും വിടവാങ്ങൽ സമയത്ത് യുവരാജ് ഓർത്തു. താന്നെ പരിശീലിപ്പിച്ച കോച്ചുകളിൽ ഏറ്റവും മികച്ച കോച്ച് ആയിരുന്നു ഗാരി കിർസ്റ്റൻ എന്നും യുവരാജ് പറഞ്ഞു.
പ്രതിസന്ധി ഘട്ടങ്ങങ്ങൾ ശാന്തമായി കൈകാര്യം ചെയ്ത മഹേന്ദ്ര സിങ് ധോണിയുടെ ക്യാപ്റ്റൻസിയെയും യുവരാജ് പ്രകീർത്തിച്ചു. ഇന്ത്യക്ക് വേണ്ടി യുവരാജ് 304 ഏകദിന മത്സരങ്ങളും 40 ടെസ്റ്റ് മത്സരങ്ങളും 58 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്.