ന്യൂസിലാൻഡിനെതിരായ നാലാം ടി20യിൽ സഞ്ജു സാംസൺ അടക്കമുള്ള താരങ്ങൾക്ക് അവസരം നൽകിയേക്കുമെന്ന സൂചന നൽകി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങൾ ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. തുടർന്നാണ് പരമ്പരയിൽ ഇതുവരെ അവസരം ലഭിക്കാതിരുന്ന സഞ്ജു സാംസൺ, വാഷിംഗ്ടൺ സുന്ദർ, നവ്ദീപ് സെയ്നി എന്നിവർക്ക് അടുത്ത മത്സരത്തിൽ അവസരം നൽകുമെന്ന സൂചന ഇന്ത്യൻ ക്യാപ്റ്റൻ നൽകിയത്.
പരമ്പരയിലെ മുഴുവൻ മത്സരങ്ങളും ജയിച്ച് 5-0ന് പരമ്പര സ്വന്തമാക്കാനാണ് ശ്രമം എന്നും ഇതുവരെ ടീമിൽ ഇടം ലഭിക്കാതെ താരങ്ങൾ മത്സരം കളിക്കാൻ അവസരം അർഹിക്കുന്നുണ്ടെന്നും വിരാട് കോഹ്ലി പറഞ്ഞു. ന്യൂസിലാൻഡിനെതിരായ പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളും ഒരേ ടീമിനെ തന്നെയാണ് ഇന്ത്യ ഇറക്കിയത്. ന്യൂസിലാൻഡിനെതിരായ മൂന്നാം ടി20യിൽ സൂപ്പർ ഓവറിൽ എത്തിയ മത്സരത്തിൽ അവസാന രണ്ട് പന്തിൽ സിക്സ് അടിച്ചുകൊണ്ട് രോഹിത് ശർമ്മ ഇന്ത്യക്ക് മത്സരത്തിൽ ജയം നേടികൊടുത്തിരുന്നു.