അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റിന്റെ അവസാനമല്ല ലോകകപ്പിലെ പ്രകടനം

Sports Correspondent

ലോകകപ്പില്‍ പരാജയപ്പെട്ടുവെന്ന് കരുതി അഫ്ഗാന്‍ ക്രിക്കറ്റിന്റെ അവസാനമല്ല അത് സൂചിപ്പിക്കുന്നതെന്ന് പറഞ്ഞ് അഫ്ഗാനിസ്ഥാന്‍ നായകന്‍ ഗുല്‍ബാദിന്‍ നൈബ്. ഇക്രമിനു ലോകകപ്പിലെ ശതകം നഷ്ടമായെങ്കിലും താരം നേടിയ 86 റണ്‍സ് അഫ്ഗാനിസ്ഥാനിലെ പ്രതിഭകളെ സൂചിപ്പിക്കുന്നതാണെന്ന് നൈബ് പറഞ്ഞു. ഇക്രമിനെ ലോവര്‍ ഓര്‍ഡറില്‍ കളിപ്പിച്ചത് ഒരു തെറ്റായിരുന്നുവെന്നാണ് നൈബ് പറയുന്നത്.

താരത്തിനെ ടോപ് ഓര്‍ഡറില്‍ കളിപ്പിക്കണമായിരുന്നുവെങ്കിലും ടീമില്‍ കൃത്യമായ ഒരു ബാറ്റിംഗ് ഓര്‍ഡര്‍ ഇല്ലായിരുന്നു. പലരും പല ഓര്‍ഡറിലാണ് കളിച്ചതെന്നും അത് ടീമിന്റെ ആവശ്യമായിരുന്നുവെന്നും നൈബ് പറഞ്ഞു. താന്‍ തന്നെ ഓപ്പണിംഗില്‍ ഇറങ്ങിയത് ടീമിനു വേണ്ടിയാണ്. വലിയ ഹൃദയത്തോടെ കളിച്ചാല്‍ ഏത് സ്ഥാനവും ഏത് താരത്തിനും അനുയോജ്യമാണെന്ന് പറഞ്ഞു. ഇക്രം കൂടുതല്‍ അനുയോജ്യമായത് ടോപ് ഓര്‍ഡറിലാണെങ്കിലും താനും മാനേജ്മെന്റും വരുത്തിയ തെറ്റുകളെ ന്യായീകരിക്കുന്ന നിലപാടാണ് നൈബ് എടുത്തത്.

അടുത്ത ലോകകപ്പിലേക്ക് അഫ്ഗാനിസ്ഥാന്‍ എത്തുമ്പോള്‍ ലോകത്തിലെ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ഒന്ന് ടീമിനായിരിക്കുമെന്ന് അഫ്ഗാന്‍ നായകന്‍ പറഞ്ഞു. ഒട്ടേറെ തെറ്റുകള്‍ സംഭവിച്ചു, എന്നാല്‍ അതില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ടീം മുന്നോട്ട് പോകും. ഒരിക്കലും ലോകകപ്പിലെ പരാജയം അഫ്ഗാന്‍ ക്രിക്കറ്റിന്റെ അന്ത്യമല്ലെ്ന് മനസ്സിലാക്കണമെന്നും നൈബ് പറഞ്ഞു.