ഇന്ന് ലോകകപ്പിലെ ശ്രീലങ്ക-പാക്കിസ്ഥാന്‍ പോരാട്ടം മഴ മൂലം ഉപേക്ഷിച്ച് ഇരു ടീമുകളും പോയിന്റ് പങ്കുവെച്ചപ്പോള്‍ പാക്കിസ്ഥാനെതിരെ ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായി പോയിന്റ് നേടി ശ്രീലങ്ക. ഇതുവരെ പാക്കിസ്ഥാനെതിരെ ലോകകപ്പില്‍ ഒരു പോയിന്റ് നേടുവാന്‍ ശ്രീലങ്കയ്ക്ക് സാധിച്ചിരുന്നില്ല. ഇന്ന് അത് നേടിയപ്പോള്‍ തുണയായത് മഴയാണ്. അതിനാല്‍ തന്നെ ഈ നേട്ടത്തിനു ശ്രീലങ്കന്‍ ടീമിനു തന്നെ അത്ര ആഹ്ലാദം കാണില്ല, എന്നിരുന്നാലും എതിരാളികള്‍ക്കെതിരെ ഒരു പോയിന്റ് നേടിയ സന്തോഷത്തിലാവും ടീം.
ഇന്ന് ടോസ് പോലും നടക്കാതെയാണ് മത്സരം ഉപേക്ഷിക്കപ്പെട്ടത്. തങ്ങളുടെ രണ്ടാം ജയം തേടിയെത്തിയ പാക്കിസ്ഥാനും ശ്രീലങ്കയും ഇതോടെ പോയിന്റുകള്‍ പങ്കിട്ട് മടങ്ങി. മഴ മൂലം ടോസ് വൈകിയ ശേഷം ഏറെ മണിക്കൂറുകള്‍ കഴിഞ്ഞ് മഴ മാറിയെങ്കിലും ഗ്രൗണ്ടിന്റെ അവസ്ഥ മത്സരത്തിനു അനുയോജ്യമല്ലാത്തതിനാല്‍ മത്സരം ഉപേക്ഷിക്കുവാന്‍ തീരുമാനിക്കുകയായിരുന്നു.
ഗ്രൗണ്ടിലെ ഒരു ഭാഗമാണ് ഇന്നത്തെ കളി തടസ്സപ്പെടുത്തിയതാണെന്നാണ് മനസ്സിലാക്കുന്നത്. ബാക്കി പല സ്ഥലങ്ങളിലെയും വെള്ളം വേഗം വറ്റിയെങ്കിലും ഈ ഒരു ഭാഗത്തെ സ്ഥിതി മത്സരത്തിനു യോഗ്യമല്ലെന്ന കണ്ടത്തലിനെത്തുടര്‍ന്ന് മത്സരം ഉപേക്ഷിക്കുകയായിരുന്നു.