ടീം നായകന് നിങ്ങളില്‍ വിശ്വാസമുണ്ടെങ്കില്‍ അത് നിങ്ങളുടെ ആത്മവിശ്വാസത്തെ വര്‍ദ്ധിപ്പിക്കുമെന്നും കാര്യങ്ങള്‍ വ്യക്തതയോടെ നടപ്പിലാക്കുവാന്‍ സഹായിക്കുമെന്നും ജസ്പ്രീത് ബുംറ. ഇന്നലെ ഹാട്രിക്കോടെ നാല് വിക്കറ്റ് നേടി മുഹമ്മദ് ഷമിയാണ് ഹീറോയായതെങ്കിലും മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം നേടിയത് ജസ്പ്രീത് ബുംറയായിരുന്നു. തന്റെ സ്പെല്ലില്‍ പ്രത്യേകിച്ച് അവസാന രണ്ട് ഓവറില്‍ ബുംറ പുറത്തെടുത്തത മാന്ത്രിക ബൗളിംഗാണ് ഈ അംഗീകാരം താരത്തെ തേടിയെത്തുവാന്‍ സഹായിച്ചത്.
പഴയ ബോളില്‍ വിക്കറ്റ് വീണ്ടും പതിയെ ആവുന്നതാണ് നമ്മള്‍ ബൗള്‍ ചെയ്തപ്പോള്‍ മനസ്സിലാക്കിയത്. ഇത് വലിയ ഗ്രൗണ്ടായിരുന്നു, റിവേഴ്സ് സ്വിംഗും ലഭിയ്ക്കുന്നുണ്ടായിരുന്നു. ഇത്തരം സാഹചര്യത്തില്‍ യോര്‍ക്കറുകളെ ആശ്രയിക്കുകയും സ്ഥിതിയ്ക്കനുസരിച്ച് പന്തെറിയുകയും വേണം. മത്സരം കടുത്തതായിരുന്നു, താന്‍ തന്റെ കഴിവിനെ വിശ്വസിക്കുകയും ചെയ്തുവെന്ന് ജസ്പ്രീത് ബുംറ പറഞ്ഞു.
ചില മത്സരങ്ങളില്‍ വിക്കറ്റിനായി ശ്രമിക്കുമ്പോള്‍ അത് സംഭവിക്കില്ല. അപ്പോള്‍ സമ്മര്‍ദ്ദം സൃഷ്ടിച്ച് റണ്‍റേറ്റ് ഉയര്‍ത്തുകയെന്നതാണ് ഞങ്ങള്‍ ചെയ്തത്. റണ്‍ റേറ്റ് ഉയര്‍ന്ന് കഴിഞ്ഞാല്‍ വിക്കറ്റുകള്‍ സ്വാഭാവികമായും വരും എന്നും ബുംറ വ്യക്തമാക്കി.