ആരാധകരുടെ പ്രതീക്ഷകള്‍ സാക്ഷാത്കരിക്കുവാനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ട്

Sports Correspondent

ലോകകപ്പ് ഏറ്റവും അധികം സാധ്യത കല്പിക്കുന്നത് ഇംഗ്ലണ്ടിനാണെന്ന് പറയാം. ഇന്ത്യയ്ക്കൊപ്പം ഏവരും പറയുന്ന ടീമാണ് ഇംഗ്ലണ്ട്. ഒരു പക്ഷേ ടീമിന്റെ കഴിഞ്ഞ കുറെ കാലങ്ങളായുള്ള പ്രകടനം ടീമിനെ ഇന്ത്യയ്ക്കാള്‍ സാധ്യത ക്രിക്കറ്റ് പണ്ഡിതന്മാര്‍ കല്‍പ്പിച്ചു നല്‍കുവാനും കാരണമായിട്ടുണ്ട്. ഈ പ്രതീക്ഷകളെ സാക്ഷാത്കരിക്കുവാനുള്ള തയ്യാറെടുപ്പുകള്‍ ടീം നടത്തിയിട്ടുണ്ടെന്ന് പറഞ്ഞ് ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍. എന്നാല്‍ അതേ സമയം ലോകകപ്പ് എന്നാല്‍ അത്ര അനായാസമായ കാര്യമല്ലെന്നും മോര്‍ന്‍ വ്യക്തമാക്കി.

ലോകത്തിലെ ഏറ്റവും മികച്ച ടീമുകളെയാണ് ടൂര്‍ണ്ണമെന്റില്‍ നേരിടേണ്ടത്. അതും ഒന്നിലധികം ടീമുകളെ ഒന്നിലധികം തവണ നേരിടേണ്ടി വന്നേക്കാം. ഇതെല്ലാം അതിജീവിച്ചാല്‍ മാത്രമേ ലക്ഷ്യത്തിലേക്ക് എത്തുവാനാകുള്ളുവെന്നും മോര്‍ഗന്‍ വ്യക്തമാക്കി. ആത്മവിശ്വാസത്തോടെ മികച്ച പ്രകടനം പുറത്തെടുക്കുക എന്നത് മാത്രമാണ് ഇനി താരങ്ങള്‍ക്ക് ചെയ്യാനുള്ളതെന്നും മോര്‍ഗന്‍ പറഞ്ഞു.